കൊല്ലം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിമർശത്തെ ന്യായീകരിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ലീഗ് അധ്യക്ഷനെയാണ് വിമർശിച്ചത്. ഇതിനെതിരെ ചിലർ ഉറഞ്ഞുതുള്ളുകയാണ്. തീവ്രവാദികളുടെ ഭാഷ ഇങ്ങോട്ട് വേണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
പാണക്കാട് കുറേ തങ്ങൾമാരുണ്ട്. അവരെ എല്ലാവരെയും കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് മുസ്‌ലിം ലീഗ് അധ്യക്ഷനായ സാദിഖലി തങ്ങളെ കുറിച്ചാണ്. സാദിഖലി തങ്ങൾ പ്രസിഡന്റായി വരുന്നതിന് മുമ്പ് ലീഗ് ഏതെങ്കിലും ഘട്ടത്തിൽ ജമാഅത്തെ ഇസ്‌ലാമിയോടൊപ്പം നിന്നിട്ടുണ്ടോ? സാദിഖലി തങ്ങൾ അല്ലേ അതിന് ഉത്തരവാദിയെന്നും മുഖ്യമന്ത്രി കൊല്ലത്തു നടന്ന പൊതുയോഗത്തിൽ ചോദിച്ചു.
ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചതെന്നും തങ്ങളെ കുറിച്ച് പറയാൻ പാടില്ലെന്ന് ചില നേതാക്കൾ പറഞ്ഞാൽ അത് ഈ നാട് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആർ എസ് എസിനെയും സംഘപരിവാറിനെയും മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിയെയും എസ് ഡി പി ഐയെയും സി പി എം എതിർക്കും. വർഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ല. വർഗീയതയോട് കോൺഗ്രസിന് മൃദുനിലപാടെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വർഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതാണ് കോൺഗ്രസ് നയം. ഇപ്പോഴും ആർ എസ് എസുകാരനായ ഒരാളെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. അയാളെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.