സന്‍ആ– സന്‍ആയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹൂത്തി സര്‍ക്കാരിലെ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹൂത്തി മന്ത്രിസഭയില്‍ ശേഷിക്കുന്നത് നാല് മന്ത്രിമാര്‍ മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സന്‍ആയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. പുതിയ പ്രധാനമന്ത്രി മുഹമ്മദ് അഹ്മദ് മിഫ്താഹ്, ആഭ്യന്തര മന്ത്രി അബ്ദുല്‍കരീം അല്‍ഹൂത്തി, പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ആതിഫി എന്നിവരും മറ്റൊരു മന്ത്രിയും മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
വ്യാഴാഴ്ച സന്‍ആയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അല്‍റഹ്വിയും മറ്റു മന്ത്രിമാരും കൊല്ലപ്പെട്ടതായും മന്ത്രിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഹൂത്തി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ പ്രധാനമന്ത്രിയും മറ്റ് സുരക്ഷാ, രാഷ്ട്രീയ നേതാക്കളും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര മുന്നണിയില്‍ നുഴഞ്ഞുകയറ്റമുണ്ടായതായി ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തിയും പറഞ്ഞു.
സുരക്ഷാ വകുപ്പുകള്‍ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേലിനെരായ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഹൂത്തി നേതാവ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സിവിലിയന്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന മന്ത്രിമാരാണ്. അവരെ ലക്ഷ്യമിട്ടുള്ള ആക്രമണം മേഖലയിലെ ഇസ്രായേലിന്റെ ക്രിമിനല്‍ റെക്കോര്‍ഡിലെ മറ്റൊരു അധ്യായമാണ്. ഇസ്രായേലിനെതിരായ തങ്ങളുടെ സൈനിക നടപടികള്‍ ഉറച്ചതും സ്ഥിരതയുള്ളതുമാണെന്നും മിസൈല്‍ ആക്രമണങ്ങള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, നാവിക ഉപരോധം എന്നിവ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിമാരുടെ വധത്തിന് ഇസ്രായേലിനോട് ഞങ്ങള്‍ പ്രതികാരം ചെയ്യുമെന്ന് ഹൂത്തി രാഷ്ട്രീയ കൗണ്‍സില്‍ തലവന്‍ മഹ്ദി അല്‍മുശാത്ത് പറഞ്ഞു. ഇസ്രയേലിനെ കാത്തിരിക്കുന്നത് ഇരുണ്ട ദിനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 28-നായിരുന്നു യെമന്റെ തലസ്ഥാനമായ സന്‍ആയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഹൂത്തി നിയന്ത്രിത സർക്കാരിന്റെ പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അൽ-റഹ്വിയും നിരവധി മന്ത്രിമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹൂത്തികൾ ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നു.
ചില മന്ത്രിമാർക്ക് ഗുരുതരമായ പരിക്കേറ്റു. കൊല്ലപ്പെട്ട പ്രധാനമന്ത്രിയുടെ പിന്‍ഗാമിയായാണ് അദ്ദേഹത്തിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മുഹമ്മദ് മിഫ്താഹ് അധികാരമേറ്റത്. വിദേശ മന്ത്രി, ഇന്‍ഫര്‍മേഷന്‍ മന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി, സാമ്പത്തിക മന്ത്രി മന്ത്രി എന്നിവര്‍ ഉള്‍പ്പെടെ പത്തില്‍ കുറയാത്ത മന്ത്രിമാര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ മന്ത്രിസഭയുടെ പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന ശില്‍പശാലക്കിടെയായിരുന്നു ഇസ്രായേല്‍ വ്യോമാക്രമണം.