തിരുവനന്തപുരം: അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങി മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ് മരിച്ചത്.
വിദേശത്തായിരുന്ന അനിൽകുമാർ രണ്ടാഴ്ച മുന്പാണ് നാട്ടിലെത്തിയത്. അനിൽകുമാറും മൂത്തമകൻ കൃഷ്ണപ്രസാദുമൊത്ത് കടവിൽ കുളിക്കുന്നതിനിടെ അരുൺ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇരുവരുടെയും നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് അരുണിനെ കണ്ടെത്തിയത്. വട്ടിയൂർക്കാവ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.