പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ 2021-ൽ മെട്രോമാൻ ഇ ശ്രീധരൻ നേടിയതിനേക്കാൾ കൂടുതൽ വോട്ട് നേടി ബി.ജെ.പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിൽ.
കഴിഞ്ഞതവണ യു.ഡി.എഫിലെ ഷാഫി പറമ്പിൽ ജയിച്ചപ്പോൾ മെട്രോമാൻ ഇ ശ്രീധരൻ പോസ്റ്റൽ വോട്ടിൽ 66 വോട്ടുകളുടെ ലീഡാണ് നേടിയതെങ്കിൽ ഇത്തവണ പോസ്റ്റൽ വോട്ടുകളിൽ അതിന്റെ ഇരട്ടിയിലേറെ വോട്ടുകൾ (136)നേടിയിരിക്കുകയാണ് ബി.ജെ. പി സ്ഥാനാർത്ഥി.
എന്നാൽ, കഴിഞ്ഞതവണ പാലക്കാട്ട് ഒന്നാം റൗണ്ട് വോട്ടുകൾ എണ്ണിയപ്പോൾ 1804 വോട്ട് ബി.ജെ.പിക്ക് ലീഡ് ഉണ്ടായിരുന്നെങ്കിൽ ഇത്തവണയത് 1014-ലേക്ക് കുറഞ്ഞിട്ടുണ്ട്. ഒന്നാം റൗണ്ടിൽ കഴിഞ്ഞതവണ ഇടതു പക്ഷത്തിന് ലഭിച്ചതിനേക്കാൾ 895 വോട്ടുകൾ ഇടത് സ്ഥാനാർത്ഥി ഡോ. സരിൻ അധികം നേടിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടാം സ്ഥാനത്ത് ഇപ്പോഴും കോൺഗ്രസിലെ രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ്.
കഴിഞ്ഞതവണ പാലക്കാട്ട് 20 റൗണ്ടുകളുണ്ടായിരുന്നത് ഇത്തവണയത് 16 റൗണ്ടായി കുറഞ്ഞിട്ടുണ്ട്. അതിനാൽ, പഴയ താരതമ്യം വോട്ടുനിലയിൽ പ്രസക്തമല്ലെന്നാണ് യു.ഡി.എഫ് നിലപാട്.
മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോൾ 1016 വോട്ടുകളുടെ ലീഡാണ് നേടിയിട്ടുള്ളത്. രണ്ട് റൗണ്ടുകളിൽ ഇവിടെ 3000 വോട്ടാണ് ബി.ജെ.പി പ്രതീക്ഷിച്ചത്. ബി.ജെ.പിക്ക് ഇത് നിലനിർത്താനാകാത്തത് പ്രതീക്ഷ നൽകുന്നതായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്യാമ്പ് വ്യക്തമാക്കുന്നു.