തിരുവനന്തപുരം: മേയര്‍ – കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്.
അര്യ രാജേന്ദ്രനും സംഘവും ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചെന്നും കാണിച്ച് യദു കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല.
കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജൂഡീഷൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവിൽ പറയുന്നു.
മേയ് ഒന്‍പതിന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നേമം സ്വദേശി എൽ.എച്ച്.യദു സമർപ്പിച്ച പരാതിയിലാണ് നടപടി. ആര്യാ രാജേന്ദ്രൻ, ഡി.എൻ.സച്ചിൻ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് പരാതി.