മാവേലിക്കര: നായര്‍ സമുദായത്തിന്റെ സിരാകേന്ദ്രവും കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് സ്വാധീനവുമുള്ള മാവേലിക്കര പട്ടികജാതി സംവരണ മണ്ഡലമാണ്. അതുകൊണ്ടുതന്നെ പ്രമുഖ സമുദായങ്ങളുടെ മനസ് ഏത് വശത്തേക്ക് തിരിയുന്നുവോ അവര്‍ക്കാവും വിജയമെന്നത് ചരിത്രം. രാഷ്ട്രീയമായി വലതു ആഭിമുഖ്യമുള്ള മണ്ഡലമായാണ് മാവേലിക്കര പൊതുവെ പറയപ്പെടുന്നത്. മൂന്നു ജില്ലകളിലായി, പടര്‍ന്നുപന്തലിച്ചങ്ങനെ കിടക്കുന്നു. അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിയുടെ പ്രതാപവും കുട്ടനാടിന്റെ നൈര്‍മല്യവും കൊട്ടാരക്കരയുടെ ആഭിജാത്യവും ഓണാട്ടുകരയുടെ തനതുരീതിയുമെല്ലാം ഒന്നിക്കുന്നതാണ് മാവേലിക്കര. കൊല്ലം ജില്ലയിലെ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍ കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലുള്ളത്. മൂന്ന് ജില്ലകളുടെ സംസ്‌ക്കാരം പേറുന്ന മണ്ഡലത്തില്‍ ഓരോ പ്രദേശത്തിന്റെയും രാഷ്ട്രീയ ഭൂമികയും ഭൗമശാസ്ത്രഘടനകളും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ മാവേലിക്കരയ്ക്കായി ഒരു പൊതു സ്വഭാവം എടുത്തുപറയാനില്ല. സംസ്ഥാനത്തിന്റെ പൊതു ട്രെന്‍ഡാണ് പ്രചാരണത്തില്‍ മാവേലിക്കരയിലും അലയടിക്കുന്നത്. 1977ന് ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ രണ്ടുതവണ തവണ മാത്രമാണ് മാവേലിക്കര ഇടതുപക്ഷത്തോടൊപ്പം ചാഞ്ഞത്. 1984ല്‍ തമ്പാന്‍ തോമസും 2004ല്‍ അഡ്വ. സി.എസ് സുജാതയും വിജയിച്ചതൊഴിച്ചാല്‍ മറ്റ് മല്‍സരങ്ങളിലെല്ലാം യു.ഡി.എഫ് സാരഥികള്‍ക്കായിരുന്നു ജയം. ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചവരെയെല്ലാം സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ അതികായന്മാരായി മാറ്റിയെ വ്യത്യസ്തമായ ചരിത്രവും മാവേലിക്കരയ്ക്കുണ്ട്.

1962ല്‍ മണ്ഡലം രൂപീകരിച്ചശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അച്യുതനായിരുന്നു ജയം. തുടര്‍ന്ന് 1967ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയ ജി പി മംഗലത്തുമഠം വിജയിച്ചു. 1971ല്‍ കോണ്‍ഗ്രസ്-സി പി ഐ മുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയാണ്. സി പി എമ്മിനുവേണ്ടി ഇറങ്ങിയ എസ് രാമചന്ദ്രന്‍ പിള്ളയെ അരലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബാലകൃഷ്ണപിള്ള തറപറ്റിച്ച് ലോക്‌സഭയിലേക്കുള്ള കന്നിപ്രവേശനം ഉറപ്പാക്കിയത്. 1977ല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ്-സി പി ഐ മുന്നണി സ്ഥാനാര്‍ഥി ലോക്‌സഭയിലെത്തി. കോണ്‍ഗ്രസിലെ ബി കെ നായര്‍ക്കായിരുന്നു വിജയം. 1980ല്‍ കോണ്‍ഗ്രസിലെ പി ജെ കുര്യന്‍ കന്നിയങ്കത്തിനിറങ്ങി. ഇടതുസ്വതന്ത്രനായ തേവള്ളി മാധവന്‍പിള്ളയെ 63122 വോട്ടിന് പരാജയപ്പെടുത്തി പി ജെ കുര്യന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് മാവേലിക്കരയില്‍ നിന്ന് ട്രെയിന്‍ കയറി. 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ സഹതാപതരംഗം ആഞ്ഞടിച്ചിട്ടും കോണ്‍ഗ്രസിന്റെ കുത്തകസീറ്റെന്ന് വിശേഷിപ്പിച്ചുപോന്ന മാവേലിക്കര കൈവിട്ടുപോയി. യു.ഡി.എഫ് സ്വതന്ത്രനായി മല്‍സരിച്ച് ഉപേന്ദ്രനാഥക്കുറുപ്പിനെ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായിറങ്ങിയ തമ്പാന്‍ തോമസ് പരാജയപ്പെടുത്തി. എന്‍.എസ്.എസ് നോമിനിയായിരുന്ന ഉപേന്ദ്രനാഥക്കുറുപ്പിനുവേണ്ടി സിറ്റിംഗ് എം.പിയായ പി ജെ കുര്യനെ ഇടുക്കിയിലേക്ക് മാറ്റി മല്‍സരിപ്പിച്ചു. ഇടുക്കിയില്‍ നിന്ന് കുര്യന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1989ല്‍ മാവേലിക്കരയിലേക്ക് മടങ്ങിയെത്തിയ പി ജെ കുര്യന്‍ സിറ്റിംഗ് എം.പി തമ്പാന്‍ തോമസിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. 1991ലും 1996ലും 1998ലും പി ജെ കുര്യന്‍ വിജയം ആവര്‍ത്തിച്ച് മാവേലിക്കരയുടെ എം.പിയായി. എന്നാല്‍ ഓരോ തവണയും ഭൂരിപക്ഷം ഗണ്യമായിക്കുറഞ്ഞ് 1998ല്‍ ഭാഗ്യത്തിന് കടന്നുകൂടിയതുപോലെയായി. 1991ല്‍ 25488 വോട്ടിന് സി പി എമ്മിലെ സുരേഷ് കുറുപ്പിനെ പരാജയപ്പെടുത്തിയ കുര്യന്‍ 1996ല്‍ എം ആര്‍ ഗോപാലകൃഷ്ണനെ തോല്‍പ്പിക്കുമ്പോള്‍ 21076 വോട്ട് മാത്രമായി. 1998ല്‍ ഇടതുസ്വതന്ത്രനായി മല്‍സരിച്ച വിദേശകാര്യ വിദഗ്ധന്‍ നൈനാന്‍ കോശിയോട് പി ജെ കുര്യന്‍ 1261 വോട്ടിന് കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. 1999ല്‍ കുര്യന് പകരം രമേശ് ചെന്നിത്തലയെ കളത്തിലിറക്കി കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സ്ഥാനം അലങ്കരിച്ച രമേശ് ചെന്നിത്തലയെന്ന സിറ്റിംഗ് എം.പിയെ 2004ല്‍ സി പി എമ്മിന്റെ പുതുമുഖം അഡ്വ. സി എസ് സുജാത അട്ടിമറിച്ചു. 2009ല്‍ മണ്ഡലത്തിന്റെ മുഖംതന്നെ മാറുന്ന രീതിയില്‍ പുനര്‍നിര്‍ണയം നടന്നു. പത്തനംതിട്ട ജില്ലയിലുള്‍പ്പെട്ട നിയമസഭാ മണ്ഡലങ്ങളെയാകെ ഒഴിവാക്കി കൊല്ലം, കോട്ടയം ജില്ലകളിലെ നാല്് നിയമസഭാ മണ്ഡലങ്ങളെ മാവേലിക്കരയില്‍ ചേര്‍ത്തു. ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തെ ഒഴിവാക്കി പകരം കുട്ടനാടിനെ മാവേലിക്കരയില്‍ കൊണ്ടുവന്നു. മണ്ഡലത്തിന്റെ ഘടനയാകെ മാറ്റി സംവരണമണ്ഡലമാക്കിയിട്ടും ജനാധിപത്യചേരിയെ തന്നെ മാവേലിക്കര പുല്‍കുന്നതാണ് പിന്നീടും കണ്ടത്. 2009ല്‍ അടൂര്‍ എം.പി യായിരുന്ന കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയ്ക്ക് കളം മാറ്റി. സി പി ഐയിലെ ആര്‍ എസ് അനിലായിരുന്നു എതിരാളി. മികച്ച വിജയംകുറിച്ച കൊടിക്കുന്നില്‍ സുരേഷ് 2014ലും 2019ലും വിജയം ആവര്‍ത്തിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 61138 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിനാണ് സി.പി.ഐയിലെ ചിറ്റയം ഗോപകുമാറിനെ വീഴ്ത്തി കൊടിക്കുന്നില്‍ ഏഴാംതവണ ലോക്‌സഭയിലെത്തുന്നത്. അതോടെ ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ നിന്ന് ലോക്‌സഭാംഗമായ വ്യക്തയെന്ന ഖ്യാതി കൊടിക്കുന്നില്‍ സ്വന്തമാക്കി.
ബാങ്ക് വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് കടക്കെണിയിലായ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം കുട്ടനാട്ടില്‍ പ്രചാരണായുധമാണ്. തകഴി സ്വദേശിയായ കെ ജി പ്രസാദാണ് നെല്‍വില ലഭിക്കാത്തതിനെത്തുടര്‍ന്ന് വായ്പക്കായി ബാങ്കിനെ സമീപിച്ചതും ലോണ്‍ കിട്ടാതായതോടെ ആത്മഹത്യചെയ്തതും. സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കര്‍ഷക ആത്മഹത്യ തന്നെയാണ് തെരഞ്ഞെടുപ്പില്‍ കാര്‍ഷിക മേഖലയില്‍ നിന്നുരുന്ന പ്രധാന വിഷയം. ഇത് മറികടക്കാന്‍ ഇടുതമുന്നണി നെല്ലുവില നല്‍കിയും കര്‍ഷകര്‍ക്ക് വായ്പ് എടുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയും നേരത്തെ ഇടപെടല്‍ നടത്തിയിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ചത് കൃഷിമന്ത്രി പി പ്രസാദാണ്. എന്നാല്‍, യു ഡി എഫും എന്‍ ഡി എയും കുട്ടനാട്ടില്‍ പ്രധാനമായും പ്രചാരണായുധമാക്കിയിട്ടുള്ളത് പ്രസാദിന്റെ ആത്മഹത്യയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ടാമങ്കത്തിനിറങ്ങുന്ന കൊടിക്കുന്നിലിനെ നേരിടുന്നത് സി പി ഐയിലെ കന്നിപ്പോരാളി. നാലുതവണ അടൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മൂന്നുതവണ മാവേലിക്കരയില്‍ നിന്നും ലോക്‌സഭയിലെത്തിയ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ പിടിച്ചുകെട്ടാന്‍ സി പി ഐ ഇറക്കിയിരിക്കുന്നത് യുവതുര്‍ക്കി സി എ അരുണ്‍കുമാറിനെയാണ്. മന്ത്രി പി പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ അരുണ്‍ എ ഐ വൈ എഫിന്റെ സംസ്ഥാന കമ്മിറ്റിഅംഗവും സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗവുമാണ്. എന്‍ ഡി എ സ്ഥാനാര്‍ഥിയായി ബി ഡി ജെ എസിലെ ബൈജു കലാശാലയും മല്‍സരിക്കുന്നു.