മലപ്പുറം: പുസ്തകസരസ്സും രുഗ്മിണി ചേച്ചിയും. മലപ്പുറത്തെ അക്ഷരസ്നേഹികൾക്ക് ഒരിക്കലും മറക്കാനാകാത്തതാണ് ഈ രണ്ടു പേരുകളും. തൊണ്ണൂറുകളിൽ തുടങ്ങിയ പുസ്തസരസ്സിലൂടെ വായനയുടെ ലോകത്തേക്ക് പ്രവേശിച്ചവർ ഒട്ടേറെപ്പേരാണ്. അവർക്കെല്ലാം നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്തി കെ.പി.രുഗ്മിണിയും ഒപ്പമുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെക്കാലത്തെ സേവനത്തിനു ശേഷം കെ.പി.രുഗ്മിണി വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുകയാണ്. പുസ്തകസരസ്സിനും ഇതോടൊപ്പം താഴുവീഴുന്നു. പുസ്തകങ്ങളെക്കുറിച്ചുള്ള വിശേഷങ്ങൾ പറഞ്ഞുകൊടുത്ത് ഒരു പേന വാങ്ങാൻ വന്നവരെ വരെ നല്ല വായനക്കാരാക്കി മാറ്റിയ അനുഭവങ്ങൾ കെ.പി.രുഗ്മിണിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പുസ്തകങ്ങൾ വിൽക്കുന്ന ഒരു സ്ഥാപനത്തിന്റെ നടത്തിപ്പുകാരി എന്നതിനപ്പുറം മികച്ചൊരു വായനക്കാരി കൂടിയാണ് രുഗ്മിണി. വായിച്ച പുസ്തകങ്ങൾ എണ്ണിയാൽ തീരില്ല. മലപ്പുറത്തിനു പുസ്തകങ്ങൾ പരിചയപ്പെടുത്തിയും വായനയെ സ്നേഹിച്ചും നടന്നു തീർത്ത ജീവിതവഴികളെക്കുറിച്ച് രുഗ്മിണി ചേച്ചി പറയുന്നു.
മനേജർ കം സ്വീപ്പർ
1992ൽ ഭർത്താവ് പി.കെ.ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്നു തുടങ്ങിയതാണ് പുസ്തകസരസ്സ്. നാഷനൽ ബുക്ക് സ്റ്റാൾ എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീടാണ് പുസ്തകസരസ്സെന്നു മാറ്റിയത്. ഈ സ്ഥാപനം തുടങ്ങിയപ്പോൾ ഭർത്താവ് ചോദിച്ചു ഇവിടെ വന്നിരിക്കാമോയെന്ന്. പുസ്തകക്കടയിലിരുന്നാൽ പുസ്തകം വായിക്കമല്ലോ എന്ന സന്തോഷത്തിൽ ഞാൻ സമ്മതിച്ചു. അതു പിന്നീട് ഇതു വരെ തുടർന്നു. മാനേജർ കം സ്വീപ്പർ എന്നാണ് ഞാൻ എന്റെ തസ്തികയ്ക്കിട്ടിരിക്കുന്ന പേര്. വരുന്ന തപാലിലൊക്കെ മാനേജർ എന്നായിരിക്കും വിശേഷണം. ആ മാനേജറുടെ ജോലി മുതൽ കട അടിച്ചു വാരുന്ന സ്വീപ്പറുടെ ജോലി വരെ നമ്മളൊറ്റ്യ്ക്കു തന്നെയാണ് ചെയ്യുന്നതെന്ന് അവർക്കറിയില്ലല്ലോ. ഒരുപാട് പുസ്തകങ്ങൾ വായിക്കാനായി എന്നതാണ് ഇതിലുണ്ടായ ഏറ്റവും വലിയ നേട്ടം.
വായനയുടെ ലോകത്ത്
വളരെച്ചെറുപ്പം മുതലേ വായനാശീലമുണ്ടായിരുന്നു. ആ ഇഷ്ടക്കൂടുതൽ കൊണ്ടാണ് ഈ ജോലി ഏറ്റെടുത്തതും. ഇവിടെ വരുന്ന മിക്കവാറുമെല്ലാ പുസ്തകങ്ങളുടെയും ആദ്യ വായനക്കാരി ഞാനായിരിക്കും. പുസ്തകസരസ്സിലെത്തുന്നവർ അഭിപ്രായം ചോദിച്ചാൽ എനിക്കിഷ്ടപ്പെട്ടെങ്കിൽ മാത്രം നല്ലതാണെന്നു പറയും. പലരും ഇപ്പോഴും വിളിച്ചു ചോദിക്കാറുണ്ട്. ഈ പുസ്തകം നല്ലതാണോ, വാങ്ങിച്ചോട്ടെ എന്നല്ലാം. സത്യസന്ധമായാണ് മറുപടി നൽകാറ്. വായനാശീലം കുട്ടിക്കാലത്തു തന്നെ കിട്ടേണ്ടതാണെന്നു തോന്നിയിട്ടുണ്ട്. ഒരു പ്രായം കഴിഞ്ഞതിനു ശേഷം വായിച്ചു തുടങ്ങൽ പ്രയാസമായിരിക്കും. കുട്ടികളെ ചെറുപ്രായത്തിൽ തന്നെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഈ വേനലവധിക്കാലമെല്ലാം അതിനു പറ്റിയ സമയമാണ്. പുസ്തകങ്ങളെ ചെറുപ്രായത്തിൽ തന്നെ ഇഷ്ടപ്പെട്ടാൽ ആ ഇഷ്ടം ആജീവനാന്തം നിലനിൽക്കും.
ടോക്കൺ വാങ്ങി വരൂ
മലപ്പുറം ടൗണിൽ ഇന്നു കാണുന്ന കെട്ടിടങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. പുസ്തകസരസ്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലാണ് അന്നത്തെ മനോരമ ഓഫിസ് പ്രവർത്തിച്ചിരുന്നത്. അതിനു പിന്നിലെ കെട്ടിടത്തിൽ ആശുപത്രിയും. ആശുപത്രിയിലേക്കു വരുന്നവർ ഡോക്ടറുടെ മുറിയാണെന്നു കരുതി മനോരമയുടെ ഓഫിസിലേക്കു കയറിപ്പോകും. അന്നവിടെ മാത്യൂ കദളിക്കാട് സാറാണുള്ളത്. രോഗവിവരം പറഞ്ഞു തുടങ്ങുന്നതോടെ സാർ പറയും. താഴെ ഒരു നഴ്സ് ഇരിക്കുന്നുണ്ട്. അവരുടെ കയ്യിൽ നിന്നു ടോക്കൺ വാങ്ങി വരൂ എന്ന്. ടോക്കണെടുക്കാൻ അവർ എന്റെയടുത്തു വരും. അതു മലയാള മനോരമ പത്രത്തിന്റെ ഓഫിസാണെന്നും അവിടെയിരിക്കുന്നതു റിപ്പോർട്ടറാണെന്നും വിശദീകരിച്ചു കൊടുക്കൽ എന്റെ ജോലിയാണ്. കലക്ടറേറ്റിൽ ജോലി ചെയ്യുന്നവരും മലപ്പുറം ഗവ. കോളജിൽ പഠിക്കുന്നവരുമാണ് അന്നു പുസ്തകമെടുക്കാൻ പ്രധാനമായും വരാറുള്ളത്. ഇപ്പോഴും അവരിൽ പലരും വിളിക്കാറുണ്ട്
തിരിഞ്ഞു നോക്കുമ്പോൾ
ഒരുപാടു പുസ്തകങ്ങൾ വായിക്കാൻ പറ്റി. അതുകൊണ്ട് ഒട്ടും ബോറടിയില്ലാതെ ജീവിക്കാനും പറ്റി. ഒരു സ്ഥലത്തിരുന്നുകൊണ്ടുതന്നെ ഒട്ടേറെ ജീവിതങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ പറ്റും എന്നതാണ് വായനയുടെ പ്രധാന ഗുണമായി കാണുന്നത്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരുപാടുപേരെ പരിചയപ്പെടാൻ സാധിച്ചതും ഭാഗ്യമായി കരുതുന്നു. ഈ മാസത്തോടെ പുസ്തകസരസ്സ് മാത്രമേ പ്രവർത്തനം അവസാനിപ്പിക്കുന്നുള്ളൂ. ഞാൻ വായന തുടരുക തന്നെയാണ്. ഇനി വായിക്കേണ്ട പുസ്തകങ്ങൾ ഇതിനകം ഞാൻ വീട്ടിൽ സംഭരിച്ചു വച്ചിട്ടുണ്ട്. ഇനി അത് ഓരോന്നായി വായിച്ചു തീർക്കണം. രണ്ടു മക്കളാണുള്ളത്. സ്നിഗ്ധ, സ്മിത. രണ്ടുപേരും അധ്യാപകരാണ്. ആനക്കയത്താണ് വീട്.
5 പുസ്തകങ്ങൾ
ആൽകെമിസ്റ്റ്, രണ്ടാമൂഴം, ഖസാക്കിന്റെ ഇതിഹാസം, സ്മാരകശിലകൾ, അഗ്നിച്ചിറകുകൾ എന്നിവയാണ് എല്ലാവരും വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങളുടെ പേരു പറയാൻ പറഞ്ഞാൽ ഞാൻ പറയുക. ചരിത്രം ഇഷ്ടപ്പെടുന്നവരാണെങ്കിൽ ‘ദന്തസിംഹാസനം’ മനോഹരമായ പുസ്തകമാണെന്നും രുഗ്മിണി പറയുന്നു. മലപ്പുറത്തെ സഹൃദയ സദസ് കഴിഞ്ഞ ദിവസം രുഗ്മിണിക്ക് യാത്രയയപ്പ് നൽകി.