ആലപ്പുഴ: പത്താംക്ലാസ് ജയിച്ചവരിൽ നല്ലൊരുശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജിചെറിയാൻ. ആലപ്പുഴ അക്യുധാം ഇൻസ്റ്റിട്ട്യൂട്ടിന്റെ നേതൃത്വത്തിൽ നടന്ന അക്യുപങ്ചർ കോൺവെക്കേഷൻ പ്രോഗ്രാം കോസ്മിക് ബ്ലോസംസ്-2024 ഉദ്ഘാടനം നിർഹിക്കുകയായിരുന്നു അദ്ദേഹം. പണ്ടൊക്കെ എസ്.എസ്.എൽ.സിക്ക് 210 മാർക്ക് വാങ്ങാൻ ഏറെപാടായിരുന്നു. ഇപ്പോൾ ഓൾപാസാണ്.
എസ്.എസ്.എസ്.സിക്ക് 99.99 ശതമാനമാണ് വിജയം. ഒരാളും തോൽക്കാൻ പാടില്ല. ആരെങ്കിലും തോറ്റുപോയാൽ അത് സർക്കാറിന്റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന് സർക്കാർ ഓഫിസുകളിലേക്ക് രാഷ്ട്രീയപാർട്ടികളുടെ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചുകൊടുക്കുന്നതാണ് നല്ലകാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈമേഖലയിൽ പുതിയമാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിൽനിന്ന് മാറിയതോടെ പശുവിനെയും പോത്തിനെയും കണ്ടാൽ കുട്ടികൾക്ക് അറിയാത്ത സ്ഥിതിയാണ്. തുടങ്ങിയാൽ നിർത്താത്ത രണ്ടുസ്ഥാപനങ്ങൾ ആശുപത്രിയും മദ്യവിൽപനശാലയുമാണ്. അത് നാൾക്കുനാൾ പുരോഗമിക്കുന്നു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group