ഹരിപ്പാട് : മൂല്യനിർണയം നടത്തിയ അധ്യാപകന്റെ അശ്രദ്ധമൂലം എസ് എസ് എൽസി പരീക്ഷയ്ക്ക് മാർക്ക് നഷ്ടപ്പെട്ട സംഭവത്തിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടി എടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ.
നങ്ങ്യാർകുളങ്ങര ബഥനി ബാലികാ മഠത്തിലെ വിദ്യാർഥിനി അനയ ആർ. സാബുവിന് ഏഴ് മാർക്ക് നഷ്ടപ്പെട്ട സംഭവത്തിലാണ് ബലാവകാശ കമ്മീഷന്റെ ഉത്തരവ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ, പരീക്ഷ ഭവൻ സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് അയന ആർ. സാബു ബലാവകാശ കമ്മീഷനെ സമീപിച്ചത്.
പരീക്ഷ ഭവൻ സെക്രട്ടറിക്ക് ജൂൺ ആറിന് പരാതി നൽകിയെങ്കിലും കമ്മീഷന് പരാതി നൽകുന്ന 20-ാം തീയതി വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവസരങ്ങൾ നഷ്ടപ്പെടാനും പഠനത്തെ പ്രതികൂലമായി ബാധിക്കാനും കാരണമാകുന്നതിനാൽ നടപടിയുണ്ടാകണമെന്നാണ് അനയ ഹര്‍ജിയിൽ ആവശ്യപ്പെട്ടത്.
ഹര്‍ജി പരിഗണിച്ച കമ്മീഷൻ എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ഓൺലൈനായി ഹിയറിംഗ് നടത്തുകയും ചെയ്തു. വിദ്യാർഥിയുടെ ഭാവി നിർണയിക്കുന്നതിൽ പ്രാധാന്യത്തോടെ കാണുന്ന വിഷയത്തിൽ പരീക്ഷ പേപ്പർ പരിശോധിച്ച അധ്യാപകർക്ക് ഗുരുതരമായ ജാഗ്രതക്കുറവ് സംഭവിച്ചതായി കമ്മീഷൻ നിരീക്ഷിച്ചു.