മക്ക: തസ്‌രീഹ് ഇല്ലാതെ നിയമവിരുദ്ധമായി ഹജ് കർമം നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ മക്കയിൽ അനധികൃതമായി തങ്ങിയ 14 വിദേശികൾക്ക് അഭയം നൽകിയ ഇന്തോനേഷ്യക്കാരായ നാലംഗ സംഘത്തെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഹജ് കർമം നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുണ്യസ്ഥലങ്ങളിൽ താമസ, യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുമെന്ന് അവകാശപ്പെട്ട് വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങളുടെ പേരിൽ സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം വ്യാജ നുസുക് കാർഡുകൾ വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
നിയമാനുസൃത നടപടികൾ പൂർത്തിയാക്കി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇവരുടെ കേന്ദ്രത്തിൽ കണ്ടെത്തിയ അനധികൃത തീർത്ഥാടകരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
അതിനിടെ, ഹജ് പെർമിറ്റില്ലാത്ത 33 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച് ഹജ് സുരക്ഷാ സേനയുടെ പിടിയിലായ 12 പേരെ ഇത്തരം നിയമ ലംഘനങ്ങൾ പരിശോധിച്ച് വിധി പ്രസ്താവിക്കുന്ന സീസണൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു സൗദി പൗരൻമാർക്കും ഏഴു വിദേശികൾക്കുമാണ് ശിക്ഷ. ഇവർക്ക് തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തി പത്തു വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്താനും വിധിയുണ്ട്.
ഹജ് പെർമിറ്റില്ലാത്തവരെ കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടാനും തീരുമാനമുണ്ട്. തസ്‌രീഹ് ഇല്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ച് മക്കയിലേക്ക് കടക്കുന്നതിനിടെ പിടിയിലായവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തി. ഹജ് പെർമിറ്റില്ലാത്തവർ മക്കയിലേക്ക് കടക്കുന്നത് തടയാൻ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിലും മക്കയിലേക്കുള്ള റോഡുകളിലും ശക്തമായ പരിശോധനകളാണ് സുരക്ഷാ വകുപ്പുകൾ നടത്തുന്നത്. ചെക്ക് പോസ്റ്റുകൾ ഒഴിവാക്കാൻ നിയമ ലംഘകർ ഉപയോഗിക്കാൻ സാധ്യതയുള്ള മരുഭൂപാതകളും നിരീക്ഷിക്കുന്നുണ്ട്. ഇതിന് ഡ്രോണുകളും സുരക്ഷാ വകുപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഹജ് പെർമിറ്റില്ലാത്തവരെ കടത്തുകയായിരുന്ന കാർ ഡ്രോൺ നിരീക്ഷണത്തിലൂടെ കണ്ടെത്തി ഫീൽഡിലുള്ള സുരക്ഷാ സൈനികർക്ക് വിവരം നൽകി ഉദ്യോഗസ്ഥർ സ്ഥലത്ത് കുതിച്ചെത്തി വാഹനം പരിശോധിച്ച് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സുരക്ഷാ വകുപ്പുകൾ പുറത്തുവിട്ടു.