ആലപ്പുഴ: ആലപ്പുഴയിൽ സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ബിപിൻ സി ബാബുവിനെതിരെ നേരത്തെ ഉയർന്നത് ഗുരുതര പരാതികൾ. പരസ്ത്രീ ബന്ധവും മർദ്ദനവുമടക്കമുള്ള ഗുരുതര ആരോപണങ്ങളുയർന്ന ജില്ലാ പഞ്ചായത്ത് മുൻ ഉപാധ്യക്ഷൻ കൂടിയായ ബിപിൻ സി ബാബുവിനെതിരെ ഭാര്യ നൽകിയ പരാതിയിലാണ് സി.പി.എം നേരത്തെ അച്ചടക്ക നടപടി എടുത്തിരുന്നത്. ഈ പരാതികളാണിപ്പോൾ പല കേന്ദ്രങ്ങളും വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത്.
ഗാർഹിക പീഡനം നടത്തിയെന്നും ആഭിചാര ക്രിയ ചെയ്‌തെന്നും ആരോപിച്ചായിരുന്നു ബിപിൻ സി ബാബുവിന്റെ ഭാര്യ പരാതി നൽകിയത്. ഈ പരാതിയിലാണ് സി.പി.എം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേർന്ന് ബിപിൻ ബാബുവിനെ ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ കർശന നിർദ്ദേശ പ്രകാരമായിരുന്നു അച്ചടക്ക നടപടി. എന്നാൽ, ഈ നടപടി കഴിഞ്ഞ് ബ്രാഞ്ച് കമ്മിറ്റിയിൽ തിരികെ വന്നതിന് പിന്നാലെയാണ് പാർട്ടി തന്നെ വിട്ട് ബിപിൻ സി ബാബു ബി.ജെ.പിയിൽ അഭയം കണ്ടെത്തിയത്.
ബി.ജെ.പിയിൽ എത്തിയതോടെ ബിപിനെതിരായ പഴയകാല പരാതികളെല്ലാം നവമാധ്യമങ്ങളിൽ പൊങ്ങിവരികയാണ്. ‘ചില മാലിന്യങ്ങൾ പോയി പാർട്ടിയിലേക്ക് ശുദ്ധജലം വരുന്നുവെന്നാ’ണ് ബിപിന്റെ പാർട്ടി പ്രവേശത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അംഗത്വം നൽകിയ ഉടനെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബി.ജെപിക്ക് മാലിന്യവും ശുദ്ധജലവും തിരിച്ചറിയാത്തവിധമായോ കാര്യങ്ങളെന്നാണ് ഇതോടായി സമൂഹമാധ്യമത്തിൽ ചിലർ പ്രതികരിച്ചത്.
ബിപിൻ സി ബാബുവിന്റെ ഭാര്യ മിനിസ ജബ്ബാർ ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം കായംകുളം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമാണ്. സി.പി.എം നേതൃത്വം ഇടപെട്ടാണ് ഇവരുടെ വിവാഹം നടത്തിയിരുന്നത്. കായംകുളം കൃഷ്ണപുരം ഡിവിഷനിൽനിന്നാണ് ബിപിൻ സി ബാബു ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.