ന്യഡൽഹി– ബീഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടു തിരിച്ചടി. തീവ്ര പുനപരിശോധനക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കരട് വോട്ടർപ്പട്ടികയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടാനുള്ള സമയപരിധി നീട്ടി സുപ്രീം കോടതി. രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ കമ്മിഷനും തമ്മിലുള്ള വിശ്വാസക്കുറവ് ദൗർഭാഗ്യകരമെന്ന് കോടതി നിരീക്ഷിച്ചു. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ നിർണായകമായ ഈ തീരുമാനം. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ എന്നിവരടങ്ങിയ ബെഞ്ചാണ് കരട് വോട്ടർപ്പട്ടികയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടാനുള്ള സമയപരിധി നീട്ടണമെന്ന പ്രതിപക്ഷത്തിന്റെ ഹരജി പരിഗണിച്ചത്.
ബീഹാറിലെ ജനങ്ങൾ എസ്‌ഐആർനെ എതിർക്കുന്നില്ലെന്നും ഹരജിക്കാരായ പ്രതിപക്ഷത്തിന് മാത്രമാണ് എതിർപ്പെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിനിധീകരിച്ച് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രാകേഷ് ദ്വിവേദി കോടതിയിൽ വാദിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പട്ടികയിലെ സുതാര്യതയില്ലായ്മയാണ് പ്രശ്‌നമെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാണിച്ചു. ഇത് പുനപരിശോധന പട്ടികയെ തടയാനുള്ള നീക്കമാണെന്നും സമയപരിധി നീട്ടുന്നത് വോട്ടെടുപ്പിന് മുമ്പ് അന്തിമ പട്ടിക പുറത്തിറക്കുന്നതിനെ ബാധിക്കുമെന്നും കമ്മിഷൻ വാദിച്ചു. പിഴവുകൾ ചൂണ്ടിക്കാട്ടാനുള്ള സമയപരിധി സെപ്തംബർ 15 വരെ നീട്ടയതായി കോടതി അറിയിച്ചു.
പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 33000 അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ പുതിയ വോട്ടർമാരായി 15 ലക്ഷത്തിലേറെ അപേക്ഷകളും സമർപ്പിക്കപ്പെട്ടു. കരടു വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തങ്ങളുടെ ബൂത്ത്തല ഏജന്റുമാർ സമർപ്പിച്ച 89 ലക്ഷം പരാതികൾ കമ്മിഷൻ സ്വീകരിച്ചില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര നേരത്തെ ആരോപിച്ചിരുന്നു.