മുംബൈ- ‘നമസ്‌തേ ബെഹ്നോ ഔര്‍ ഭായിയോ, മെയിന്‍ ആപ്കാ ദോസ്ത് അമീന്‍ സയാനി ബോല്‍ രഹാ ഹൂന്‍’- 1952 മുതല്‍ 1988 വരെ റേഡിയോ സിലോണില്‍ എല്ലാ ബുധനാഴ്ചയും ആസ്വാദകര്‍ കാത്തിരുന്ന് കേട്ടിരുന്ന ബിനാക്കാ ഗീത്മാലയിലെ ആ ശബ്ദം ഇനിയില്ല. ശ്രോതാക്കളുടെ ഗൃഹാതുര പരിപാടിയും ഇഷ്ട അവതാരകനുമായ അമീര്‍ സയാനി അന്തരിച്ചു. 91 വയസ്സായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
1932 ഡിസംബര്‍ 21ന് മുംബൈയില്‍ ബഹുഭാഷാ കുടുംബത്തില്‍ ജനിച്ച സയാനി 42 വര്‍ഷത്തിനിടെ 50,000 പരിപാടികളാണ് അവതരിപ്പിച്ചത്.
സയാനിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്കണിക് റേഡിയോ അവതാരകന്‍ ‘തന്റെ ശ്രോതാക്കളുമായി വളരെ സവിശേഷമായ ഒരു ബന്ധം വളര്‍ത്തിയെടുത്തു’ എന്ന് പറഞ്ഞു.
അമീന്‍ സയാനി നമ്മെ വിട്ട് ദി ഗ്രേറ്റ് ബ്രോഡ്കാസ്റ്റര്‍ ഇന്‍ ദി സ്‌കൈയില്‍ ചേരുന്നു എന്നാണ് ഡെറിക് ഒബ്രിയന്‍ എക്സില്‍ പോസ്റ്റ് ചെയ്തത്.
തന്റെ ബാല്യത്തിന്റെയും കൗമാരത്തിന്റെയും യൗവനത്തിന്റെയും ഭാഗമായിരുന്നു സയാനിയുടെ ശബ്ദമെന്ന് ജയറാം രമേശ് പറഞ്ഞു.
കുട്ടിക്കാലം മുതല്‍ സര്‍ഗാത്മക അഭിരുചി പ്രകടിപ്പിച്ച സയാനി 13-ാം വയസ്സില്‍ അമ്മയുടെ ദ്വൈവാര മാസികയായ റെഹ്ബാറിലാണ് എഴുതിത്തുടങ്ങിയത്. പിന്നീട് ഓള്‍ ഇന്ത്യ റേഡിയോ ബോംബെയുടെ ഇംഗ്ലീഷ് സേവനത്തിലെ കുട്ടികളുടെ പ്രോഗ്രാമുകളില്‍ പങ്കെടുക്കുകയും ചെയ്തു.