കണ്ണൂർ: സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നുളള സർവീസുകൾ ഇന്നും മുടങ്ങി.
കണ്ണൂരിൽ പുലർച്ചെ മുതലുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.
അതേസമയം കരിപ്പൂരിലും തിരുവനന്തപുരത്തും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിച്ചു. കരിപ്പൂരിൽ നിന്നുളള ദമാം, മസ്കറ്റ് സർവീസുകൾ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10നുള്ള അബുദാബി വിമാനവും സർവീസ് നടത്തി.