ദുബായ് – ആഗോള മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്ക് കനത്ത പ്രഹരമായി, കാനഡ, സ്‌പെയിന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല ഷാര്‍ജ പോലീസ് തകര്‍ത്ത് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു.
സൂക്ഷ്മമായി ആസൂത്രണം ചെയ്ത സമുദ്ര ഓപ്പറേഷനിലൂടെ 131 കിലോഗ്രാം മയക്കുമരുന്നുകളും ലഹരി ഗുളികകളും അധികൃതര്‍ പിടിച്ചെടുത്തു. പ്രാദേശിക തുറമുഖങ്ങള്‍ വഴി മയക്കുമരുന്ന് കടത്തുന്നതിനിടെ അധികൃതരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനായി ഭാര്യയെയും രണ്ട് കൊച്ചുകുട്ടികളെയും മറയായി ഉപയോഗിച്ച ഒരാളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി കുടുംബത്തിന്റെ നീക്കങ്ങള്‍ രഹസ്യ സംഘങ്ങള്‍ നിരീക്ഷിച്ചിരുന്നു.
ടൊറന്റോ (കാനഡ), മലാഗ (സ്‌പെയിന്‍), യു.എ.ഇ എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കാര്‍ സ്‌പെയര്‍ പാര്‍ട്‌സ് ശേഖരം സൂക്ഷിച്ചതെന്ന വ്യാജേനയുള്ള കണ്ടെയ്‌നര്‍ ആണ് മയക്കുമരുന്ന് ഒളിപ്പിക്കാന്‍ സംഘം ഉപയോഗിച്ചത്. മയക്കുമരുന്നിന്റെ പ്രാദേശിക വിതരണം സുഗമമാക്കിയതിന് ഏഷ്യന്‍ വംശജരായ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരിട്ടുള്ള മയക്കുമരുന്ന് കൈമാറ്റം ഒഴിവാക്കാന്‍ സംഘം ജി.പി.എസ്-ടാഗ് ചെയ്ത ഡ്രോപ്പ് ലൊക്കേഷനുകളെയാണ് ആശ്രയിച്ചിരുന്നതെന്ന് അധികൃതര്‍ പറയുന്നു. ഉയര്‍ന്ന തലത്തിലുള്ള മയക്കുമരുന്ന് കടത്തിലെ ഒരു സാധാരണ തന്ത്രമാണിത്.
131 കിലോഗ്രാം മയക്കുമരുന്നുകളും 9,945 മയക്കുമരുന്ന് ലഹരി ഗുളികകളും മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്ന ഒളിപ്പിക്കല്‍ ഉപകരണങ്ങളും ട്രാക്കിംഗ് ഉപകരണങ്ങളും സംഘത്തിന്റെ പക്കല്‍ കണ്ടെത്തി. മയക്കുമരുന്ന് കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട വിദേശത്തുള്ള കൂടുതല്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് യു.എ.ഇ അധികൃതര്‍ അന്വേഷണം തുടരുകയാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഷാര്‍ജ പോലീസ് പുറത്തുവിട്ടു.