ജിദ്ദ: സത്യത്തിന്റെ തുറമുഖം എന്നത് പോലെ സംഗീതത്തിന്റെയും തുറമുഖമാണ് കോഴിക്കോട്. പാട്ടുകാരുടേയും പാട്ട് കമ്പക്കാരുടേയും കോഴിക്കോട്. ആ കോഴിക്കോട്ട് നിന്നെത്തിയ ‘ഗ്രാമഫോണ്‍ ഷാഫി’ യുടെ പഴയ റെക്കാര്‍ഡ് ഇനി സൗദി ഇസ്‌ലാമിക കാര്യാലയത്തിന്റെ കീഴിലുള്ള മദീനയിലെ പുരാവസ്തു മ്യൂസിയത്തില്‍ സൂക്ഷിക്കും.
ഈജിപ്തിലെ പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുല്‍ ബാസിത് അബ്ദുസ്സമദിന്റെ ഖുര്‍ആന്‍ പാരായണമാണ് ഷാഫി ശേഖരിച്ച് വെച്ച ഡിസ്‌കിലുള്ളത്. ഏതാനും ദിവസം മുമ്പാണ് ഷാഫി മദീനയിലെത്തി തന്റെ റെക്കാര്‍ഡ് പുരാവസ്തു മ്യൂസിയം അധികൃതര്‍ക്ക് കൈമാറിയതും അവരത് ആദരവുകളോടെ ഏറ്റുവാങ്ങിയതും.
ഇതോടൊപ്പം വര്‍ഷങ്ങളായി താന്‍ സൂക്ഷിച്ചുവെച്ച ഗ്രാമഫോണും പഴയകാല പെന്‍ഡുലം ക്ലോക്കും ഷാഫി മ്യൂസിയം സാരഥികള്‍ക്ക് കൈമാറി.
– തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണിത്. വര്‍ഷങ്ങളായി സൂക്ഷിച്ചുവെച്ച തന്റെ ഈ അമൂല്യവസ്തുക്കള്‍ പൊതുസ്വത്തായി മാറുന്നത്, അതും പ്രവാചകനഗരിയിലെ മ്യൂസിയത്തിലൂടെയെന്നത്, അസുലഭഭാഗ്യമായി ഞാന്‍ കരുതുന്നു.. ഷാഫി പറഞ്ഞു.
ഗ്രാമഫോണ്‍, പെഡല്‍ ഹാര്‍മോണിയം, റെക്കാര്‍ഡ് പ്ലെയര്‍, സിത്താര്‍, വാല്‍വ് റേഡിയോ, സിംഫണി മ്യൂസിക് ബോക്‌സ് തുടങ്ങിയ പഴയകാല സംഗീതോപകരണങ്ങളുടെ വിപുലമായ ശേഖരം ഷാഫിയുടെ കോഴിക്കോട് കല്ലായിയിലെ വീട്ടിലും മ്യൂസിയത്തിലുമുണ്ട്. സംഗീതോപകരണങ്ങളുടെ റിപ്പയറിംഗുമറിയാം, ഈ പുരാവസ്തുപ്രേമിക്ക്.
വാര്‍ത്തകളും വിശകലനങ്ങളും മൊബൈലില്‍ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
മുകേഷ് അംബാനി, എയര്‍ മാര്‍ഷല്‍ അമിത് തിവാരി, ബോളിവുഡ് നടി ദീപ്തി നവാല്‍, അനന്തപുരിയിലെ പദ്മനാഭവര്‍മ തമ്പുരാന്‍, മേജര്‍ ജനറല്‍ മന്‍രാജ് സിംഗ് തുടങ്ങി നിരവധി പ്രമുഖരുടെ സംഗീതോപകരണങ്ങളുടെ കേടുപാട് തീര്‍ത്ത വലിയൊരു ചരിത്രം ഷാഫിക്കുണ്ട്. പി. ഭാസ്‌കരന്‍ മാസ്റ്ററുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള ഷാഫിയുടെ മ്യൂസിയം തളിപ്പുഴയിലാണ് പ്രവര്‍ത്തിക്കുന്നത്.
ജിദ്ദയിലെ പ്രമുഖ സംഘാടകന്‍ ഹസന്‍ കൊണ്ടോട്ടിയുടെ ആതിഥേയനായി എത്തിയ ഗ്രാമഫോണ്‍ ഷാഫി, തന്റെ സംഗീതോപകരങ്ങളുടെ വിപുലമായ പ്രദര്‍ശനം ജിദ്ദയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.