മൂവായിരത്തിലധികം മലയാളികളുടെ ഐക്യത്തിന്റെ വിളംബരമായി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലൂടെ ഷറഫിയ മലയാളി കൂട്ടായ്മ പ്രവാസി ചരിത്രത്തിൽ ഇടം പിടിച്ചു. സൗദിയിലേക്ക് കടൽ കടന്നെത്തിയ ആദ്യമലയാളി മുതൽ ഇന്നോളം പ്രവാസത്തിന്റെ മധുരവും കയ്പും അനുഭവിച്ചറിഞ്ഞ മലയാളികൾ വരെയുള്ളവർ തമ്പടിച്ച ഷറഫിയയും പരിസരവും, പറിച്ചുനടപ്പെട്ട കേരളീയ ജീവിതചിത്രങ്ങളുടെ നഷ്ടസ്മൃതികളും നഷ്ടപ്രതാപങ്ങളും ഈ നഗരകേന്ദ്രത്തിന്റെ ഓരോ ധമനികളിലൂടെയും വീണ്ടും തിരിച്ചെടുക്കുന്നതിന്റെ അൽഭുതക്കാഴ്ചകൾ.
ജിദ്ദയിലേക്ക് ജീവിതം പറിച്ചുനട്ട മലയാളികളുടെ സ്വപ്നങ്ങൾക്കും സ്വപ്നഭംഗങ്ങൾക്കും നീണ്ട നാലു പതിറ്റാണ്ട് മൗനസാക്ഷ്യം നിന്ന നഗരവഴിയുടെ ഇടനാഴിയാണ് ഷറഫിയ. പ്രവാസപഥത്തിലെ വിജയാപചയങ്ങൾ അടയാളപ്പെടുത്തിയ ഇതിഹാസ ഭൂമിക. നഗരചാരുതയുടെ നൂതന രൂപഭാവങ്ങളിലേക്ക് സൗദി അതിദ്രുതം കൂടുമാറുമ്പോൾ ഈ നിബിഡവീഥിയുടെ ചോരയോടുന്ന നഗരക്കോണുകളിൽ അധ്വാനശീലരായ മലയാളികളുടെ ചോരയോട്ടത്തിന്റെ ഉണങ്ങാത്ത ചോപ്പ്. കണ്ണീരിന്റേയും കദനങ്ങളുടേയും കഥ. പിണക്കങ്ങളുടേയും ഇണക്കങ്ങളുടേയും പിൻനിലാവ്. ഇച്ഛയുടെ ഇളകാത്ത കിരീടങ്ങൾ ശിരസ്സേറ്റിയ ഷറഫിയ, ജിദ്ദയിലുള്ളവരുടേയും ജിദ്ദ വിട്ടുപോയവരുടേയും വിട്ടൊഴിയാത്ത നൊസ്റ്റാൾജിയ. മലയാളിയെ സദാ ചേർത്ത് പിടിച്ച ഷറഫിയ്യയുടെ സ്പന്ദനങ്ങളിലൂടെ…
എഴുപതുകളുടെ ഒരു ജിദ്ദയുണ്ട്. സൗദിയുടെ കവാടനഗരം എന്ന് അക്ഷരാർഥത്തിൽ വിശേഷിപ്പിക്കാവുന്ന നഗരകേന്ദ്രം. അന്ന് എയർപോർട്ട് ഷറഫിയയിൽ. ഹാജിമാരുൾപ്പെടെയുള്ള എല്ലാ വിമാനയാത്രക്കാരും വന്നിറങ്ങിയതിവിടെ. മക്കയിലേക്കുള്ള പുറപ്പാടിനു മുമ്പായി തീർഥാടകർക്ക് താമസിക്കാനുള്ള വിശാലമായ ഹുജ്ജാജ് ഷറഫിയയിൽ. കടകളും വാണിഭകേന്ദ്രങ്ങളും റസ്റ്റോറന്റുകളുമെല്ലാം ഷറഫിയയിൽ സജീവമായിരുന്നു. 1981 ൽ ഷറഫിയ്യയിലെ എയർപോർട്ട് അടച്ചു. പകരം ഇന്ന് കാണുന്ന നോർത്ത് ടെർമിനലിലേക്ക് മാറി. അവിടെ അത്യാധുനിക സൗകര്യങ്ങളോടെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഉയർന്നുവന്നു. ഖാലിദ് രാജാവിന്റെ കാലത്തായിരുന്നു ഇത്.
1975- 76 കാലത്തായിരിക്കണം, ജോലി തേടിയുള്ള വിദേശികളുടെ പ്രവാഹത്തിനിടെ ആദ്യത്തെ മലയാളി ജിദ്ദയിലെ തുറമുഖത്ത് കപ്പലിറങ്ങിയത്. അതിനു മുമ്പേ, അമ്പതുകളിലും അറുപതികളിലും ഹജിനായി മക്കയിലെത്തി അവിടെ വേരുറപ്പിച്ചവരും സൗദി പൗരത്വം ലഭിച്ചവരുമായ അപൂർവം മലയാളികളും അവരുടെ ഭാര്യമാരും മക്കളുമടങ്ങുന്നവർ മലബാരി സൗദികളെന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ടു. എണ്ണത്തിൽ ചുരുക്കമായിരുന്നുവെങ്കിലും അവരിലേറെപ്പേരും പിറന്ന നാടിന്റെ സംസ്‌കാരവും മലയാളഭാഷയുടെ തനിമയും കൈവിടാതെയാണ് ജീവിച്ചുപോന്നത്. അവരെ മാറ്റി നിർത്തിയാൽ 1975 -76 ലെ ഹജ്സീസണിൽ ജോലിയെന്ന സ്വപ്നവുമായി പുണ്യഭൂമിയിലെത്തിയവരായിരിക്കണം, ആദ്യമലയാളി പ്രവാസത്തിന്റെ കൈയൊപ്പ് ജിദ്ദയുടെ ഹൃദയത്തിൽ ചാർത്തിയവർ. എം.വി അക്ബർ എന്ന കപ്പലിലെ പതിനാലു ദിവസത്തെ ക്ലേശപൂർണമായ യാത്രക്കൊടുവിൽ ഇസ്ലാമിക് സീ പോർട്ടിലെ മദീനത്തുൽഹുജ്ജാജിൽ എത്തിയതിന്റെ ആശ്വാസം, സൗദിയിലെ മലയാളികളിൽ ഏറ്റവും വിജയകരമായ രീതിയിൽ ജീവിതത്തിന് മേൽവിലാസമുണ്ടാക്കിയ ജിദ്ദാ നാഷനൽ ഹോസ്പിറ്റൽ ഗ്രൂപ്പ് സാരഥി മലപ്പുറം വണ്ടൂരിനടുത്ത പൂങ്ങോട് സ്വദേശി വലിയപീടികയ്ക്കൽ മുഹമ്മദലിയുടെ ഓർമയിൽ പച്ച പിടിച്ചു നിൽക്കുന്നു. ഷറഫിയയിലെ മുനിസിപ്പൽ ജോലിക്കാരനായി പ്രവാസമാരംഭിച്ച മുഹമ്മദലിയുടെ ഐശ്വര്യത്തിനും സൗഭാഗ്യത്തിനുമെല്ലാം ഇതേ ഷറഫിയ നൽകിയ ഹരിതാഭമായ കൃപാവരങ്ങൾ ഏറെ വലുതാണ്.
അക്കാലത്ത് മദീനാ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്ന പെരിന്തൽമണ്ണക്കടുത്ത പൂന്താനം സ്വദേശി കോണിക്കുഴിയിൽ അബ്ദുൽ അസീസാണ് ഷറഫിയയിലെ വ്യാപാരരംഗത്തിന് അടിസ്ഥാനശില പാകിയവരിൽ പ്രമുഖൻ. അതിനു തൊട്ടുമുമ്പ് (1979) മഞ്ഞളാംകുഴി അലി എം.എൽ.എയുടെ മൂത്ത സഹോദരൻ ഉണ്ണിഅവറുവും പിതൃസഹോദരനായ മറ്റൊരു ഉണ്ണി അവറുവും ചേർന്നാണ് ഷറഫിയയിലെ ആദ്യമലയാളി സംരംഭമായ അംജദ് ടെക്സ്‌റ്റൈൽസ് എന്ന തുണിക്കട ആരംഭിക്കുന്നത്. ഈ കട പിന്നീട്, മദീനയിലെ പഠനശേഷം ജിദ്ദയിൽ സുഡാൻ എയർവെയ്സിൽ ജോലി ലഭിച്ച അബ്ദുൽ അസീസ് കൂട്ടുകാരായ പട്ടിക്കാട് സ്വദേശി ആനമങ്ങാടൻ അബ്ദുസ്സമദ്, അരിപ്ര സ്വദേശി ഹംസക്കുട്ടി തുടങ്ങിയവരൊക്കെച്ചേർന്ന് ഏറ്റെടുക്കുകയും റീഗൾ ടെക്സ്‌റ്റൈൽസ് എന്ന പേരിൽ കട വിപുലീകരിക്കുകയും ചെയ്തു. മഞ്ഞളാംകുഴി അലിയുടെ കുടുംബം പിന്നീട് ജിദ്ദയിലും സൗദിയുടെ മറ്റ് കേന്ദ്രങ്ങളിലും ആയിഷാ ടെക്സ്‌റ്റൈൽസ് എന്ന വ്യാപാരശൃംഖലയ്ക്ക് തുടക്കമിട്ടു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ അനിയനും നടനും കലാകാരനുമായ ഇബ്രാഹിംകുട്ടി, ഈ സ്ഥാപനത്തിൽ കുറച്ചുകാലമുണ്ടായിരുന്നു. ഷറഫിയയും ബാബ്മക്കയുമായിരുന്നു ഇബ്രാഹിംകുട്ടിയുടെ തട്ടകം.
പൂന്താനത്തെ അബ്ദുൽ അസീസിന്റെ അറബി ഭാഷയിലുള്ള വൈദഗ്ധ്യം പിന്നീട് ജോലി തേടിയെത്തിയ മലയാളികളിൽ ഭൂരിപക്ഷം പേരുടേയും ഇഖാമ, മറ്റു രേഖകൾ, സ്പോൺസർമാരുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവയ്ക്കൊക്കെ സഹായമായി. അറബിയിലുള്ള രേഖകളുടെ ക്രമീകരണത്തിന് അദ്ദേഹം അന്നത്തെ തൊഴിലന്വേഷകരെ ഏറെ സഹായിച്ചു.
എൺപതുകളുടെ ആരംഭത്തോടെ ഷറഫിയയിൽ റീഗൾ ടെക്സ്റ്റൈൽസിനോടൊപ്പം, പാണ്ടിക്കാട് സ്വദേശി അബ്ദുപ്പയുടെ റീഗൾ സ്റ്റോറും (റീഗൾ മുജീബിന്റെ ഭാര്യാപിതാവാണ് അബ്ദുപ്പ), കരുവാരകുണ്ട് സ്വദേശി ഇബ്രാഹിം കുട്ടിയുടെ ഫദൂൽ സ്റ്റുഡിയോയും തലശ്ശേരി സ്വദേശികളായ റഹീമിന്റെയും മൊയ്തുട്ടിയുടേയും വീഡിയോ അൽ അഹ്ലിയ്യയും ഉയർന്നു വന്നു. റീഗൾ ടെക്സ്റ്റൈൽസിലെ പോസ്റ്റ് ബോക്സായിരുന്നു പല മലയാളികളുടെയും ജിദ്ദയിലെ ആദ്യമേൽവിലാസം. ആഴ്ചയിലൊരു നാൾ തുറക്കുന്ന ആ പോസ്റ്റ് ബോക്സിൽ മലപ്പുറം ജില്ലയിലെ വീടകങ്ങളിലെ കണ്ണീരും പുഞ്ചിരിയും നനവ് പടർത്തി. വൈകുന്നേരങ്ങളിൽ റീഗളിനു ചുറ്റും മലയാളികൾ ഒരുമിച്ചുകൂടി. വീഡിയോ കാസറ്റുകൾ വാടകയ്ക്കെടുത്ത് ബാച്ചിലർ റൂമുകളിൽ പഴയ സിനിമകൾ കണ്ടു. രാവേറെച്ചെല്ലും വരെ ഷറഫിയയിലെ സംഗമങ്ങൾ നീണ്ടു. മഞ്ചേരിക്കാരൻ അബുവിന്റെ സ്റ്റുഡിയോയും നീലാമ്പ്ര അഹമ്മദ്കുട്ടി (കുഞ്ഞാപ്പ), അമാൻ എന്നിവരുടെ സംയുക്തശ്രമമായ ഷറഫിയ സ്റ്റോറും പിന്നാലെ ഉയർന്നുവന്നു.
ഇതാണ് നീലാമ്പ്ര ബേബിയുടേയും ആദ്യ ബിസിനസ് തട്ടകം. ഷറഫിയ പോസ്റ്റ് ഓഫീസ് പരിസരത്തുള്ള പാർക്കും പാർക്കിനു സമീപത്തെ കരിങ്കൽക്കൂട്ടങ്ങളും മലയാളികൾക്ക് സൊറ പറഞ്ഞിരിക്കാനും പരസ്പരം സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വെക്കാനുമുള്ള സായാഹ്നസങ്കേതങ്ങളായി മാറി. മലയാളി ടാക്സി ഡ്രൈവർമാരും ഇവിടെ ഒത്ത് കൂടി. എല്ലാവരും പരസ്പരം കൈമാറിയ കഥകളിലത്രയും സങ്കടങ്ങൾ. പച്ചക്കറിക്കടകളും മൽസ്യമാംസക്കടകളും ഉയർന്നു. കേരളത്തിൽനിന്ന് നേരിട്ടെത്തിയ പഴം-പച്ചക്കറികൾ മലയാളികളുടെ രുചിമുകുളങ്ങളെ നാടിന്റെ സ്വാദുകളിലേക്ക് തിരികെ വിളിച്ചു. ഇഫ്താർ, പെരുന്നാൾ, ഓണം, ക്രിസ്മസ് സദ്യകളിൽ കേരളീയവിഭവങ്ങൾ നിറഞ്ഞു. പ്രവാസി ബിസിനസ് രംഗത്ത് പ്രശസ്തനായി ഉയർന്ന, പ്രവാസി ഭാരതീയ പുരസ്‌കാരജേതാവായ കെ.ടി റബീഉള്ളയുടെ ആതുരസേവനരംഗത്തേക്കുള്ള കാൽവെപ്പും ഇതേ കാലയളവിൽ ഷറഫിയയിൽ നിന്നാണ്. ബദറുദ്ദീൻ പോളിക്ലിനിക്ക്, ബദർ അൽ തമാം പോളിക്ലിനിക്ക് എന്നിവയും, വി.പി. മുഹമ്മദലി, മരുമകൻ ടി.പി. ശുഐബ് എന്നിവരുടെ നേതൃത്വത്തിൽ അൽറയാൻ പോളിക്ലിനിക്കും ആരംഭിച്ചതോടെ ചുരുങ്ങിയ ചെലവിൽ മലയാളി ഡോക്ടർമാരുടെ സേവനമെന്ന സ്വപ്നം പ്രവാസികൾക്ക് സുസാധ്യമായി. ഡോ. മനോഹരൻ, ഡോ. ഇബ്രാഹിംകുട്ടി തുടങ്ങിയവരുടെ പേരും മലയാളി ക്ലിനിക്കുകളുടെ പ്രഥമ ചരിത്രത്തോടൊപ്പം ചേർത്ത് വായിക്കണം. ഇരുക്ലിനിക്കുകളുടേയും പരിസരങ്ങളിൽ മെഡിക്കൽ ഷോപ്പുകളും ബൂഫിയകളും ബഖാലകളുമുയർന്നു വന്നു. സ്ഥിരോൽസാഹികളായ മലയാളികളുടെ വിയർപ്പ് വീണ നിരവധി സ്ഥാപനങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി ഉയർന്നു വന്നു. പോസ്റ്റ് ഓഫീസിനു എതിർവശത്ത് വൈശ്യർ അബൂബക്കർ എന്ന ആദ്യകാല കെ.എം.സി.സി നേതാവ് തുടങ്ങിയ മക്കാ ഹോട്ടലും മറ്റൊരു മലയാളി കേന്ദ്രമായിമാറി. എം.എം. കുട്ടിമൗലവിയുടെ റൂമിലായിരുന്നു കെ.എം.സി.സിയുടെ ആദ്യയോഗങ്ങളധികവും. സുലൈമാൻ മസ്ജിദിനടുത്ത ബിസ്മില്ലാ സ്റ്റോറിനു തൊട്ടുള്ള ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ആസ്ഥാനമാരംഭിച്ചതോടെ വാരാന്ത്യ ഖുർആൻ ക്ലാസുകൾക്കും മദ്രസാ-മതപഠനങ്ങൾക്കും നാട്ടിൽ നിന്നെത്തുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾക്കും ആദ്യത്തെ മലയാളി കേന്ദ്രവും യാഥാർഥ്യമായി. ഷറഫിയ പള്ളിയിൽ മലയാളത്തിൽ പ്രബോധനങ്ങളുണ്ടായി. എയർഇന്ത്യയുടേതുൾപ്പെടെയുള്ള ട്രാവൽ ഏജൻസികളും മലയാളി മാനേജ്‌മെന്റിലുള്ള കാർഗോ കമ്പനികളും മറ്റും ഷറഫിയയിൽ ശാഖകൾ തുടങ്ങി. നാട്ടിലേക്ക് സുഗമമായി പണമയക്കാൻ സംവിധാനങ്ങളായി. ബാങ്ക് ശാഖകൾ തുടങ്ങി. കെ.എം.സി.സി നേതാവ് എം.എം. കുട്ടിമൗലവിയുടെയും മറ്റും നേതൃത്വത്തിലുള്ള ജനറൽ സർവീസ് ഏജൻസിയും മക്ക- മദീനാ ബസ് സർവീസുകളും ഇക്കാലത്താണ് തുടങ്ങിയത്. 1999 ഏപ്രിൽ മധ്യത്തിൽ ആലുങ്ങൽ മുഹമ്മദിന്റെ സാരഥ്യത്തിൽ തുടക്കമിട്ട അൽ അബീർ പോളിക്ലിനിക്ക്, ആതുരസേവനരംഗത്തെ മറ്റൊരു പ്രശസ്തനാമമായി മാറി. പിന്നാലെ ഷിഫ ജിദ്ദ പോളിക്ലിനിക്ക്, അൽനൂർ മെഡിക്കൽ സെന്റർ, റഫാ മെഡിക്കൽ സെന്റർ, ജസീറ ഡെന്റൽ സെന്റർ തുടങ്ങിയവ കൂടി വന്നതോടെ ഷറഫിയ്യ, ജിദ്ദയുടെ വൈദ്യശാസ്ത്രഭൂപടത്തിൽ ഒഴിവാക്കാനാവാത്ത ഇടം നേടി. അൽനൂർ ക്ലിനിക്ക് ഉദ്ഘാടനം സുരേഷ് ഗോപിയും സിദ്ദീഖുമെല്ലാം ചേർന്ന് കൊഴുപ്പിച്ചപ്പോൾ ആരവമുഖരിതമായ ഷറഫിയ മാത്രമല്ല, സിത്തീൻ ബ്രിഡ്ജ് പോലും ഗതാഗതസ്തംഭനത്തിൽ സ്തബ്ധമായി. വി.പി ഷിയാസിന്റെ നേതൃത്വത്തിൽ ഇമ്പാല റസ്റ്റോറന്റ്, ഇമ്പാല ഗാർഡൻസ് എന്നിവ കൂടിയായതോടെ, അത് വരെ സലീം മുല്ലവീട്ടിലിന്റെ മാനേജ്‌മെന്റിലുള്ള ബനിമാലിക് ലാഹോർ ഗാർഡൻസിൽ സംഗമിച്ചുവരികയായിരുന്ന മലയാളി കൂട്ടായ്മകളുടെ ആതിഥേയത്വമത്രയും ഷറഫിയ ഏറ്റെടുത്തു. സംസം ബൂഫിയയിലെ ചായക്കും പലഹാരങ്ങൾക്കുമൊപ്പം അതിനു മുന്നിലെ മരച്ചുവട്ടിലെ സൊറ പറച്ചിലും വാരാന്ത്യങ്ങളിലും അല്ലാതെയുമുള്ള വിപുലമായ സാംസ്‌കാരിക- രാഷ്ട്രീയ- മതസംഗമങ്ങളും നാട്ടിൽ നിന്നെത്തുന്നവരെ പങ്കെടുപ്പിച്ചുള്ള സൗഹൃദ സദസ്സുകളും ഗാനമേളകളും നൃത്ത നാടകങ്ങളും മറ്റും ഷറഫിയ്യയിൽ പൊടിപൊടിച്ചു. വില്ലേജ് റസ്റ്റോറന്റ്, റാറാവിസ് റസ്റ്റോറന്റ് എന്നിവിടങ്ങളിലും പരിപാടികൾ മുറയ്ക്ക് നടന്നു. ഇന്നിപ്പോൾ വലിയൊരു കായിക കൂട്ടായ്മയായി വളർന്ന സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറത്തിന്റെ (സിഫ്) രണ്ടാമത്തെ ആലോചനായോഗം നടന്നതും ഷറഫിയയിലെ അൽഅത്താസ് കാർഗോ ഓഫീസിലായിരുന്നു. സിഫിന്റെ ആദ്യയോഗം നടന്നത് ആദ്യകാല ജിദ്ദാ മലയാളി, മഞ്ചേരി സ്വദേശി പരേതനായ വല്ലാഞ്ചിറ മുഹമ്മദലി മാനേജരായ അത്താർ ട്രാവൽസ് ഓഫീസിലായിരുന്നു.
ഇമ്പാല ഗാർഡൻസിൽ മുസ്ലിംലീഗ് നേതാക്കളായ പാണക്കാട് തങ്ങൾമാരും ഇ. അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി തുടങ്ങി നിരവധി നേതാക്കളും രമേശ് ചെന്നിത്തല, കെ. സുധാകരൻ, എം.എം. ഹസൻ, വി.വി പ്രകാശ്, വർക്കല കഹാർ, കെ. മുഹമ്മദലി, ടി.എച്ച്. മുസ്തഫ തുടങ്ങി കോൺഗ്രസ് നേതാക്കളും പിണറായി വിജയൻ, പാലോളി മുഹമ്മദ്കുട്ടി, എം.വി ഗോവിന്ദൻ, കോടിയേരി, എ. വിജയരാഘവൻ തുടങ്ങിയ സി.പി.എം നേതാക്കളും പന്ന്യൻ രവീന്ദ്രൻ, കെ.ഇ ഇസ്മായിൽ, കെ.പി രാജേന്ദ്രൻ തുടങ്ങിയ സി.പി.ഐ നേതാക്കളുമെല്ലാം ഷറഫിയയുടെ ആതിഥ്യം ആവോളമനുഭവിച്ചു മടങ്ങിയവരാണ്. മാന്ത്രികനായ ഗോപിനാഥ് മുതുകാട്, സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രമുഖരായ പി. ഗോവിന്ദപ്പിള്ള, സക്കറിയ, പുനത്തിൽ കുഞ്ഞബ്ദുല്ല, പെരുമ്പടവം ശ്രീധരൻ, യു.എ ഖാദർ, അക്ബർ കക്കട്ടിൽ, കെ.പി രാമനുണ്ണി, എം.ഡി. നാലപ്പാട്, സംവിധായകരായ കമൽ, അലി അക്ബർ, നടൻ മാമുക്കോയ, കവികളായ വി. മധുസൂദനൻ നായർ, മുരുകൻ കാട്ടാക്കട തുടങ്ങിയവരെല്ലാം പലപ്പോഴായി ഷറഫിയയിലെ സ്വീകരണങ്ങളിൽ പങ്കെടുത്തു. കെ.എം.സി.സി, ഒ.ഐ.സി.സി, നവോദയ, ന്യൂ ഏജ് എന്നീ രാഷ്ട്രീയ ബന്ധമുള്ള കൂട്ടായ്മകൾക്കു പുറമെ, പ്രതിമാസ വായനാവേദിയായ സമീക്ഷയുടെ പുസ്തകാസ്വാദനവും ഇടം പിടിച്ചത് ഷറഫിയ്യയിൽ. മഹല്ല് കമ്മിറ്റികൾ, പ്രാദേശിക കൂട്ടായ്മകൾ, മതസംഘടനകൾ എന്നിവയുടെ സ്ഥിരം യോഗവേദികളും ഷറഫിയ്യയിൽ. ഐ.ഡി.സി, മർഹബ, തനിമ, ഇസ്ലാമിക് സെന്റർ, കെ.ഐ.ജി. ഇസ്ലാഹി സെന്ററുകൾ എന്നിവയുടെയൊക്കെ സമ്മേളനവേദികൾ ഷറഫിയയിൽത്തന്നെ. കുറച്ചുമാറി സഫയർ ഓഡിറ്റോറിയം കൂടി വന്നതോടെ പല വേദികളും ഷറഫിയയുടെ ഹൃദയഭാഗത്ത് നിന്ന് അങ്ങോട്ടേക്ക് മാറിത്തുടങ്ങി. നാട്ടിൽ നിന്നെത്താറുള്ള നേതാക്കളെ വരവേൽക്കാനും വിരുന്നൂട്ടാനും അനുയായികൾ മൽസരിച്ചു. കോവിഡാണ് ഇതിനൊക്കെ താൽക്കാലികമായെങ്കിലും തടയിട്ടത്.
ഷറഫിയയിൽ വെള്ളിയാഴ്ച കാണാമെന്നു പറഞ്ഞ് പിരിയുന്ന പ്രവാസികളിൽ പലരും ആ വെള്ളിയാഴ്ചയാകും മുമ്പേ ജീവിതത്തോട് വിട വാങ്ങിയ കണ്ണീരനുഭവങ്ങളും എത്രയെങ്കിലുമുണ്ട്. അങ്ങനെയൊരു നാൾ പിരിഞ്ഞുപോയ കവി സുഹൃത്ത് ഷറഫിയയെക്കുറിച്ച് അവസാനമായി എഴുതിയ വരികൾ:
നുരഞ്ഞുപൊങ്ങീ മലയാൺമതൻ മധുഗാനം
നിറഞ്ഞു നിന്നു നാടൻ പലഹാരത്തിൻ മണം
മൽസരമെങ്ങും ഗ്രാമച്ചന്തപോലെ മനസ്സിനൊരുൽസവം
മലയാളത്തനിമ തുടിക്കുന്നു
വീട്ടിലെ വിശേഷങ്ങൾ, നാട്ടിലെ മരണങ്ങൾ
വീട്ടിയ കടം, കിട്ടാനുള്ള സംഖ്യയും
തന്റെ കിട്ടാത്ത റിലീസിന്റെ കഥ,
തർഹീലിലെ ചങ്ങാതിയുടെ കഥ
ഗൃഹാതുരചിന്തകളുയരും ഷറഫിയ…
പ്രവാസികളുടെ ഈ ‘മിനി കേരളം’, ജിദ്ദാ മലയാളികളുടെ കണ്ണീരിന്റേയും പുഞ്ചിരിയുടേയും നൂറുനൂറു കഥകളുമായി പുതിയ രൂപഭാവങ്ങളിലേക്ക് പരകായപ്രവേശം ചെയ്യുന്നു. പുതിയ മുഖവുമായി ഷറഫിയ. നവീകരിക്കപ്പെട്ട് വർണമനോഹരമാക്കിയ കെട്ടിടങ്ങൾ. അപ്പോഴും പക്ഷേ, നന്മയുടെ ആൾരൂപങ്ങളായ സ്വദേശികൾക്ക് പറയാനുണ്ടാകും: ഷറഫിയ്യയുടെ വാണിജ്യ – സാംസ്‌കാരിക- സഹൃദയ ചരിത്രത്തിന്റെ വിശാലമായ ഇടനാഴിയിൽ കഠിനാധ്വാനികളായ മലയാളി അഥവാ മൽബാരി, ആഴത്തിൽ കൊത്തിവെച്ച അതിരുകളില്ലാത്ത സ്നേഹവാൽസല്യങ്ങളുടെ കാലടിപ്പാടുകൾ പതിഞ്ഞ വിജയകഥയുടെ നൂറുനൂറു വിളംബരങ്ങൾ.
ഷറഫിയയക്കും ഷറഫിയാ മലയാളികൾക്കും അവരത്രയും ആത്മാർഥതയോടെ സ്വാഗതമോതും: മർഹബ, മൽബാരി……