ജിദ്ദ – സൗദിയില്‍ പൊതു, സ്വകാര്യ മേഖലകളിലെയും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഔദ്യോഗിക വസ്ത്രധാരണ രീതി നിര്‍ബന്ധമാക്കാനൊരുങ്ങി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. അന്തിമായി അംഗീകരിക്കുന്നതിനു മുമ്പായി പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി കരടു നിയമാവലി പബ്ലിക് കണ്സള്ട്ടേഷന് പ്ലാറ്റ്ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി. പുരുഷന്മാര് ഔദ്യോഗിക ദേശീയ വസ്ത്രം ധരിക്കണമെന്നതും സ്ത്രീകള്‍ ഇറുകിയതോ സുതാര്യമോ അല്ലാത്ത, ശരീരം മൂടുന്ന വസ്ത്രം ധരിക്കണമെന്നതുമാണ് നിയന്ത്രണങ്ങളില്‍ ഏറ്റവും പ്രധാനം.
ജീവനക്കാരും തൊഴിലാളികളും അവരുടെ ചുമതലകള്‍ നിര്‍വഹിക്കുമ്പോൾ, ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കുമ്പോൾ, മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോൾ, മതങ്ങളെ വ്രണപ്പെടുത്തുന്ന, രാജ്യത്തിനും അതിന്റെ സ്ഥാനത്തിനും ദോഷം വരുത്തുന്ന രാഷ്ട്രീയ നിലപാടുകളോ പ്രത്യയശാസ്ത്ര വിശ്വാസങ്ങളോ വെളിപ്പെടുത്തുന്ന പെരുമാറ്റങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. പ്രൊഫഷണലും ഉചിതവുമായ വേഷവിധാനം പാലിക്കുകയും വ്യക്തിഗത ശുചിത്വം പാലിക്കുകയും, രാഷ്ട്രീയ ആശയ സന്ദേശമുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
ജോലിസ്ഥലത്ത് വസ്ത്രധാരണവും പെരുമാറ്റവും നിയന്ത്രിക്കാനുള്ള വ്യക്തമായ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ പുതിയ നിയമാവലിയിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും സംസ്കാരത്തിനും വിരുദ്ധമായ ഏതൊരു പെരുമാറ്റവും ജീവനക്കാരും തൊഴിലാളികളും ഒഴിവാക്കണമെന്ന് നിയമാവലി അനുശാസിക്കുന്നു. ജീവനക്കാരും തൊഴിലാളികളും അവരുടെ കടമകള്‍ നിര്‍വഹിക്കുമ്പോള്‍ സത്യസന്ധത, സുതാര്യത, ഉത്തരവാദിത്തം, നിഷ്പക്ഷത, മറ്റുള്ളവരുടെ സ്വകാര്യത മാനിക്കല്‍ എന്നിവ പ്രകടിപ്പിക്കേണ്ടതുണ്ട്.
പുരുഷ ജീവനക്കാരും തൊഴിലാളികളും തോബ്, ശിരോവസ്ത്രം (ഗുത്റ, അല്ലെങ്കില്‍ ശമാഗ്) എന്നിവ അടങ്ങിയ ദേശീയ വസ്ത്രം ധരിക്കണമെന്ന് നിയമാവലി വ്യവസ്ഥ ചെയ്യുന്നു. സൗദി ഇതര ജീവനക്കാര്‍ ഔപചാരിക വസ്ത്രം ധരിക്കണം. പുതിയ നിയമാവലി അനുസരിച്ച്, ജോലിയുടെ സ്വഭാവം ആവശ്യപ്പെടുമ്പോഴെല്ലാം ജീവനക്കാര്‍ അവരുടെ സ്ഥാപനത്തിന്റെ ഔദ്യോഗിക യൂണിഫോം ധരിക്കണം. നിയമാവലി ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങളും, നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങളും അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥമാണെന്ന് നിയമാവലി അനുസാശിക്കുന്നു. നിയമം ലംഘിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്ക് നിയമാനുസൃതമായ നടപടികൾ നേിടേണ്ടി വരും.



