ജിദ്ദ: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം. സൗദിയിലെ കമ്മ്യൂണിക്കേഷന്‍സ് സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷനും ഇന്ത്യയിലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയും പരസ്പര സഹകരണത്തിന് ഒപ്പുവെച്ച ധാരണാപത്രം സൗദി മന്ത്രിസഭ അംഗീകരിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻെറ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സൗദി-ഇന്ത്യ ധാരണാപത്രം അംഗീകരിച്ചത്. സാമ്പത്തിക ഗവേഷണ പഠന മേഖലയില്‍ പരസ്പര സഹകരണത്തിന് സൗദി സാമ്പത്തിക, ആസൂത്രണ മന്ത്രാലയവും ഇന്ത്യയിലെ ഒബ്‌സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ സാമ്പത്തിക, ആസൂത്രണ മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ജിദ്ദയില്‍ ചേര്‍ന്ന സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ രണ്ടാം യോഗത്തിനൻറെ ഫലങ്ങള്‍, സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ വളര്‍ന്നുവരുന്ന സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍, മറ്റു മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെ മന്ത്രിസഭാ യോഗം പ്രശംസിച്ചു.
സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവും വളര്‍ച്ചയും വര്‍ധിപ്പിക്കാന്‍ ശ്രമിച്ച് സാമ്പത്തിക പരിവര്‍ത്തനത്തിന്റെ സ്വാധീനം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, പുതിയ വളര്‍ച്ചാ അവസരങ്ങള്‍ പ്രയോജനപ്പെടുത്തല്‍, നിലവിലുള്ള സംരംഭങ്ങള്‍ ഫോളോ-അപ്പ് ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യല്‍, വിഷന്‍ 2030 പദ്ധതികളും പരിപാടികളും തമ്മില്‍ പൊരുത്തപ്പെടുത്തല്‍ എന്നിവ അടക്കം 2026 ല്‍ ആരംഭിക്കുന്ന വിഷന്‍ 2030 ന്റെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ മന്ത്രിസഭ വിശകലനം ചെയ്തു.
മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്ക മേഖലകള്‍ക്കായി സൗദിയില്‍ ഇന്റര്‍പോള്‍ റീജിയണല്‍ ഓഫീസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യന്‍ ഗവണ്‍മെന്റും ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷനും (ഇന്റര്‍പോള്‍) തമ്മില്‍ ഒപ്പുവെച്ച കരാറിനും മന്ത്രിസഭ അംഗീകാരം നല്‍കി.
പ്രയോജനപ്പെടുത്താതെ കിടക്കുന്ന കാലി ഭൂമിക്ക് ഫീസ് ബാധകമാക്കുന്ന നിയമത്തില്‍ വരുത്തിയ ഭേദഗതികളും മന്ത്രിസഭ അംഗീകരിച്ചു. നിയമത്തിന്റെ ഫലപ്രാപ്തിയും റിയല്‍ എസ്റ്റേറ്റ് ലഭ്യതയും വര്‍ധിപ്പിക്കാന്‍ നിയമ ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നു. ഉപയോഗപ്പെടുത്താതെ കിടക്കുന്ന സ്ഥലങ്ങള്‍ക്ക് പഴയ നിയമത്തില്‍ രണ്ടര ശതമാനം ഫീസ് ആയിരുന്നു ബാധകം. പുതിയ ഭേദഗതികളിലൂടെ ഇത് പത്തു ശതമാനം വരെയായി ഉയര്‍ത്തിയിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്നതും ഉപയോഗിക്കാതെ കിടക്കുന്നതുമായ പ്രോപ്പര്‍ട്ടികള്‍ക്ക് പഴയ നിയമത്തില്‍ ഫീസ് ഉണ്ടായിരുന്നില്ല. പുതിയ ഭേദഗതികള്‍ പ്രകാരം അംഗീകരിക്കാവുന്ന ന്യായീകരണമില്ലാതെ ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്നതും ഒഴിഞ്ഞുകിടക്കുന്നതുമായ പ്രോപ്പര്‍ട്ടികള്‍ക്കും വാര്‍ഷിക ഫീസ് ബാധകമാണ്.
പാര്‍പ്പിട, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ക്കു മാത്രമാണ് പഴയ നിയമത്തില്‍ ഫീസ് ബാധകമായിരുന്നത്. ഭേദഗതികള്‍ പ്രകാരം ജനവാസ കേന്ദ്രത്തിൻെറ പരിധിയില്‍ വികസിപ്പിക്കാന്‍ കഴിയുന്ന മുഴുവന്‍ കാലിസ്ഥലങ്ങള്‍ക്കും ഫീസ് ബാധകമാണ്. സൗദിയില്‍ പാര്‍പ്പിട ദൗര്‍ലഭ്യത്തിനും പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലങ്ങള്‍ ലഭ്യമല്ലാത്തതിനും, പിന്നീട് ഉയര്‍ന്ന വിലക്ക് മറിച്ചുവില്‍ക്കുകയെന്ന ലക്ഷ്യത്തോടെ വന്‍കിടക്കാര്‍ കാലിസ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി ദീര്‍ഘകാലമായി കൈവശം വെക്കുന്ന പ്രവണതക്കും പരിഹാരം കാണാന്‍ ശ്രമിച്ചാണ് കാലിസ്ഥലങ്ങള്‍ക്കുള്ള വാര്‍ഷിക ഫീസ് നിയമം ഏതാനും വര്‍ഷം മുമ്പ് സൗദി അറേബ്യ അംഗീകരിച്ചത്.