റിയാദ് – തലസ്ഥാന നഗരിയില്‍ നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2030 ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറുമെന്ന് റിപ്പോര്‍ട്ട്. 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന എയര്‍പോര്‍ട്ടില്‍ ആറു കൂറ്റന്‍ സമാന്തര റണ്‍വേകളും വിനോദ സൗകര്യങ്ങളും റെസിഡന്‍ഷ്യല്‍ യൂനിറ്റുകളും 12 കിലോമീറ്റര്‍ വീതിയുള്ള വാണിജ്യ ഇടങ്ങളും ഉള്‍പ്പെടുന്നതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറയുന്നു.
കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ നിലവിലെ പ്രവര്‍ത്തന സ്റ്റേഷനുകളുമായി പുതിയ വിമാനത്താവള പദ്ധതിയെ സംയോജിപ്പിക്കുന്നു. റിയാദിനെ ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമാക്കി മാറ്റാനും സൗദി അറേബ്യക്കും പശ്ചാത്യ രാജ്യങ്ങള്‍ക്കുമിടയിലെ ഗതാഗതത്തിലെ ഏതെങ്കിലും വിടവുകള്‍ നികത്താനുമുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ വിമാനത്താവളം നിര്‍മിക്കുന്നത്.
കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ പരിസ്ഥിതി സൗഹൃദ സംരംഭമായാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ ജല, വൈദ്യുതി സംരക്ഷണം ഉറപ്പാക്കാന്‍ നൂതന സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തും. പ്രതിവര്‍ഷം 10 കോടിയിലേറെ യാത്രക്കാര്‍ക്ക് കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് സേവനം നല്‍കും. 2050 ഓടെ പ്രതിവര്‍ഷം 18.5 കോടി യാത്രക്കാരെയും 35 ലക്ഷം ടണ്‍ ചരക്കും എയര്‍പോര്‍ട്ടില്‍ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന വിഷന്‍ 2030 ന്റെ ഭാഗമായാണ് 2,900 കോടി ഡോളര്‍ ചെലവഴിച്ച് പുതിയ വിമാനത്താവളം നിര്‍മിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ആര്‍ക്കിടെക്ചറല്‍, ഡിസൈന്‍ കമ്പനിയായ ഫോസ്റ്റര്‍ ആന്റ് പാര്‍ട്‌ണേഴ്‌സ് ആണ് എയര്‍പോര്‍ട്ട് രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്നത്. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രൊജക്ട് മാനേജ്‌മെന്റ്, ഡിസൈന്‍ മാനേജ്‌മെന്റ്, കോസ്റ്റ് കണ്‍സള്‍ട്ടിംഗ്, പ്രോക്യുര്‍മെന്റ് ഉപദേശം എന്നിവയുള്‍പ്പെടെയുള്ള മറ്റു ജോലികള്‍ ബ്രിട്ടന്‍ ആസ്ഥാനമായുള്ള നിര്‍മാണ കമ്പനിയായ മെയ്‌സ് ഗ്രൂപ്പ് ആണ് ഏറ്റെടുത്തിരിക്കുന്നത്. വിമാനത്താവളം പ്രവര്‍ത്തനക്ഷമമായാല്‍ ഒന്നര ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ടിലെ വ്യോമയാന കെട്ടിടം 2026 ഓടെ തുറക്കുമെന്ന് എയര്‍പോര്‍ട്ട് ആക്ടിംഗ് സി.ഇ.ഒ മാര്‍ക്കോ മെജിയ നേരത്തെ വെളിപ്പെടുത്തി. 2027 ല്‍ ഒരു പുതിയ റണ്‍വേയും 2028 ല്‍ ഒരു പുതിയ പാസഞ്ചര്‍ കെട്ടിടവും 2030 ഏറ്റവും പ്രധാനപ്പെട്ട കെട്ടിടവും തുറക്കും. 2034 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. 2030 ഓടെ റിയാദ് എക്‌സ്‌പോ സന്ദര്‍ശകരെ സ്വീകരിക്കാന്‍ സാധിക്കുന്നതിന് എയര്‍പോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ എല്ലാ ആസ്തികളും ലഭിക്കും.
കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വിപുലീകരണമായതിനാല്‍ കിംഗ് സല്‍മാന്‍ വിമാനത്താവളത്തിന്റെ നിര്‍മാണം പൂജ്യത്തില്‍ നിന്നല്ല തുടങ്ങുന്നതെന്നും വികസനം ഘട്ടംഘട്ടമായി നടക്കുമെന്നും മാര്‍ക്കോ മെജിയ പറഞ്ഞു. യാത്രക്കാരല്ലെങ്കില്‍ കൂടി ആളുകള്‍ സന്ദര്‍ശിക്കുന്ന വ്യതിരിക്ത സ്ഥലത്താണ് കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതെന്നും ആക്ടിംഗ് സി.ഇ.ഒ പറഞ്ഞു.