ജിദ്ദ- യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് ജിദ്ദയിലെ പ്രവാസി വിദ്യാർത്ഥിനി തെരഞ്ഞെടുക്കപ്പെട്ടു. കൊണ്ടോട്ടി പേങ്ങാട് സ്വദേശി പാണ്ടികശാല ഹബീബിന്റെയും പറമ്പാടൻ ജസീനയുടെയും മകൾ ഫെല്ല മെഹക്കാണ് നേട്ടം സ്വന്തമാക്കിയത്. ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആഗോള തലത്തിൽ 100 വിദ്യാർത്ഥികളയേയും യുവജനങ്ങളെയും തെരഞ്ഞെടുക്കുന്ന യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്കാണ് പ്രവേശനം.
ഓൺലൈൻ പ്ലാറ്റ്ഫോമായ ഹാഷ് ഫ്യൂച്ചർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഫെല്ല മെഹക്ക്. ആയിരത്തിലധികം അപേക്ഷകരിൽ നിന്നും ഇന്റർവ്യൂവിലൂടെയും പ്രൊജക്ട് പ്രസന്റേഷനിലൂടെയുമാണ് നൂറു പേർ ഫൈനൽ ലിസ്റ്റിൽ ഇടം നേടിയത്. പരിശീലനങ്ങൾ, വർക് ഷോപ്പുകൾ, മെന്ററിംഗ്, ലീഡർഷിപ്പ് പരിശീലനം, പ്രൊജക്ട് വർക്ക്, എന്നിവ അടങ്ങുന്നതാണ് ഒരു വർഷത്തെ പ്രോഗ്രാം.
വിദ്യാഭ്യാസത്തിലെ നൂതനാശയങ്ങൾ തിരിച്ചറിയുന്നതിനും ഗവേഷണം ചെയ്യുന്നതിനും ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആണ് ഹണ്ട്രഡ്. ലോകമെമ്പാടുമുള്ള അധ്യയനം മെച്ചപ്പെടുത്തുന്നതിനുള്ള വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും അധ്യാപകരെയും വിദ്യാർഥികളെയും വിദ്യാഭ്യാസ പ്രവർത്തകരെയും കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ്ക്ക് പ്രചോദനം നൽകുന്നതാണ് ഹണ്ട്രഡിന്റെ ദൗത്യം.