ജിദ്ദ – സൗദിയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് വ്യവസായികള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങള്‍ തുറക്കാന്‍ ബ്രിട്ടനില്‍ നിന്നുള്ള അഞ്ചു ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ടെന്നും തങ്ങളുടെ മക്കള്‍ക്ക് ഏതിനം വിദ്യാഭ്യാസവും അധ്യാപകരുമാണ് വേണ്ടതെന്നും തെരഞ്ഞെടുക്കാന്‍ കുടുംബങ്ങളെ അനുവദിക്കുമെന്നും വാണിജ്യ മന്ത്രി പറഞ്ഞു.
ചേരിവികസന പദ്ധതിയുടെ ഭാഗമായി ജിദ്ദയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ഉടമകള്‍ക്കുള്ള നഷ്ടപരിഹാരമായി നാലു മാസത്തിനുള്ളില്‍ 2,000 കോടി റിയാല്‍ കൂടി വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇതോടെ നഷ്ടപരിഹാര വിതരണം 4,200 കോടി റിയാലായി ഉയരും. കഴിഞ്ഞ നവംബര്‍ മുതല്‍ ഇതുവരെ 2,200 കോടി റിയാല്‍ കെട്ടിട, സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ട്.
രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുറക്കുന്ന കാര്യം പഠിക്കാന്‍ വാണിജ്യ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, ഗതാഗത മന്ത്രാലയം, സൗദി പോര്‍ട്ട്‌സ് അതോറിറ്റി, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി എന്നിവയെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ഡോ. മാജിദ് അല്‍ഖസബി യോഗത്തില്‍ പറഞ്ഞു.
ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിലൂടെ നിയമ വിരുദ്ധ സ്ഥാപനങ്ങളുടെ പദവി ശരിയാക്കാന്‍ 18,456 അപേക്ഷകള്‍ ലഭിച്ചു. പദവി ശരിയാക്കാന്‍ നിയമ വിരുദ്ധ സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. യെമന്‍, പാക്കിസ്ഥാന്‍, സുഡാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 3,73,913 തൊഴിലാളികളുടെ പദവി ശരിയാക്കിയിട്ടുണ്ട്. ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയും 14 ലക്ഷത്തിലേറെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളും നഗരസഭാ ലൈസന്‍സുകളും പഠിക്കുകയും ചെയ്തു. ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുള്ള വിദേശികളുടെ വിവരങ്ങള്‍ വിശകലനം ചെയ്തു. ബിനാമി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കാലാവധി തീര്‍ന്ന 2,50,000 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളും 6,50,000 നഗരസഭാ ലൈസന്‍സുകളും റദ്ദാക്കി. 1,83,000 ബാങ്ക് അക്കൗണ്ടുകളുടെ പദവി ശരിയാക്കി അവയെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുമായി ബന്ധിപ്പിച്ചു. ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ച് സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം 2,30,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. ഇതിന്റെ ഫലമായി 1,605 ബിനാമി ബിസിനസ് കേസുകളില്‍ വിധികള്‍ പ്രഖ്യാപിച്ചതായും ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.