റിയാദ്: ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാന്‍ ഇന്നു മുതല്‍ ആറു മാസം വരെ സമയമുണ്ടെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. മുസാനിദ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഹുറൂബ് നീക്കല്‍ നടത്തേണ്ടത്. ഹുറൂബ് സ്റ്റാറ്റസ് നീങ്ങുന്നതോടെ അവര്‍ക്കുള്ള എല്ലാ സര്‍വീസുകളും പുനഃസ്ഥാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജോലിക്കാര്‍ ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍മാര്‍ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെയാണ് ഹുറൂബ് സ്റ്റാറ്റസില്‍ അകപ്പെടുന്നത്. ഇതോടെ ഇത്തരം ജോലിക്കാര്‍ക്ക് ഇഖാമ പുതുക്കാനോ ജോലി മാറാനോ നാട്ടില്‍ പോകാനോ സാധിക്കില്ല. ഇവര്‍ തൊഴില്‍ നിയമ ലംഘകരുടെ ഗണത്തില്‍ പെടും.
ഹുറൂബ് നീക്കുന്നതിന് തൊഴിലാളികള്‍ ആദ്യം പുതിയ സ്‌പോണ്‍സറെ കണ്ടെത്തുകയാണ് വേണ്ടത്. കണ്ടെത്തിയ പുതിയ സ്‌പോണ്‍സര്‍ മുസാനിദ് പ്ലാറ്റ്‌ഫോം വഴി സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിന് അപേക്ഷ നല്‍കണം. ഈ അപേക്ഷ തൊഴിലാളി സ്വന്തം മുസാനിദില്‍ അപ്ലൂവ് ചെയ്യണം. ശേഷം പുതിയ സ്‌പോണ്‍സര്‍ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഹുറൂബ് ആക്കിയ പഴയ സ്‌പോണ്‍സര്‍ക്ക് ഇതില്‍ യാതൊരു റോളുമില്ല. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമാണ് പുതിയ നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു.
നിലവില്‍ സൗദി അറേബ്യയില്‍ നിരവധി ഗാര്‍ഹിക ജോലിക്കാര്‍ ഒളിച്ചോടിയെന്ന പേരില്‍ ഹുറൂബ് സ്റ്റാറ്റസിലുണ്ട്. ഇവര്‍ക്ക് നാട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ല. എംബസികള്‍ വഴി ഫൈനല്‍ എക്‌സിറ്റില്‍ പോകാന്‍ മാത്രമാണ് സാധിച്ചിരുന്നത്. ഹുറൂബ് സ്റ്റാറ്റസ് മാറ്റുന്ന പ്രഖ്യാപനം പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്. അത്തരം നിയമലംഘനത്തില്‍ പെട്ടവര്‍ നിശ്ചിത സമയത്തിനുള്ളില്‍ പദവി ശരിയാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.