കയ്‌റോ: വികസനത്തിനായി തന്ത്രപരമായ പങ്കാളിത്തം എന്ന ശീർഷകത്തിൽ കയ്‌റോയിൽ നടന്ന സൗദി-ഈജിപ്ഷ്യൻ നിക്ഷേപ ഫോറത്തിൽ വ്യത്യസ്ത മേഖലകളിൽ പരസ്പര സഹകരണത്തിന് ഇരു രാജ്യങ്ങളിലെയും കമ്പനികൾ പങ്കാളിത്ത കരാറുകൾ ഒപ്പുവെച്ചു.
സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ലഭ്യമായ നിക്ഷേപ അവസരങ്ങൾ കണ്ടെത്താനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഫോറത്തിൽ സൗദിയിലെയും ഈജിപ്തിലെയും മന്ത്രിമാരും വ്യവസായികളും പങ്കെടുത്തു. സൗദിഈജിപ്ത് ബന്ധം സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകൾ അടക്കം എല്ലാ തലങ്ങളിലും വിശിഷ്ട സഹകരണത്തിന്റെയും സംയോജനത്തിന്റെയും മികച്ച മാതൃകയാണെന്ന് ഈജിപ്തിലെ ജനറൽ അതോറിറ്റി ഫോർ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഫ്രീ സോൺസ് സി.ഇ.ഒ ഹുസാം ഹൈബ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പങ്കാളിത്തത്തിന് ലഭ്യമായ ഗണ്യമായ താരതമ്യ നേട്ടങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ പ്രതിനിധീകരിക്കുന്നത്. ഈജിപ്തിൽ നിക്ഷേപം നടത്തുന്ന സൗദി കമ്പനികൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഈജിപ്ഷ്യൻ സർക്കാർ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. സൗദി കമ്പനികൾ നേരിടുന്ന 90 ശതമാനം വെല്ലുവിളികൾക്കും പരിഹാരം കണ്ടെത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. എല്ലാ വെല്ലുവിളികളും പരിഹരിക്കാനും മറികടക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ആകർഷകമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാനും നിക്ഷേപങ്ങൾക്ക് പിന്തുണ നൽകാനും ഈജിപ്ഷ്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഈജിപ്തിലെ സുസ്ഥിര വികസനത്തിന്റെ പ്രധാന ഘടകമാണ് സൗദി നിക്ഷേപങ്ങൾ. സൗദി കമ്പനികൾക്ക് പിന്തുണ നൽകാൻ ഈജിപ്തിൽ സൗദി നിക്ഷേപങ്ങൾക്കായി ഒരു പ്രത്യേക വിഭാഗം സ്ഥാപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ നിക്ഷേപങ്ങളെ സംരക്ഷിക്കുന്ന വ്യക്തമായ നിയമ ചട്ടക്കൂട് നൽകുന്നതിലും നിക്ഷേപ സംരക്ഷണ കരാർ പ്രധാന പങ്ക് വഹിക്കുന്നു. ഇത് നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കുകയും നടപടിക്രമങ്ങൾ സുഗമമാക്കുകയും ചെയ്യുന്നു.
പരസ്പര വ്യാപാരം പ്രോത്സാഹിപ്പിക്കൽ, സംയുക്ത നിക്ഷേപങ്ങൾ വർധിപ്പിക്കൽ, സംയുക്ത വ്യാവസായിക മേഖലകൾ സ്ഥാപിച്ച് വ്യാവസായിക മേഖലയിൽ സഹകരിക്കൽ, സേവന മേഖലയിൽ സഹകരിക്കൽ എന്നിവയിലൂടെ സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തി ആഗോള തലത്തിൽ സംഭവിക്കുന്ന സാമ്പത്തിക, ഭൗമരാഷ്ട്രീയ മാറ്റങ്ങളിൽ നിന്ന് സൗദി അറേബ്യക്കും ഈജിപ്തിനും പ്രയോജനം നേടാൻ കഴിയുമെന്നും ഹുസാം ഹൈബ പറഞ്ഞു.
ഈജിപ്തും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളുടെ ആഴം ഫോറം ഉൾക്കൊള്ളുന്നതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് വൈസ് പ്രസിഡന്റ് ഫായിസ് അൽശുഅയ്‌ലി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വെറും നയതന്ത്ര ബന്ധങ്ങൾ മാത്രമല്ല. മറിച്ച്, ഇത് പരസ്പര ധാരണയിലും വിവിധ മേഖലകളിലെ സഹകരണത്തിലും അധിഷ്ഠിതമാണ്. വികസനവും സുസ്ഥിരതയും കൈവരിക്കാൻ സഹായിക്കുന്ന പുതിയ കമ്പനികൾ സ്ഥാപിച്ച് ഈ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കുമിടയിൽ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. സൗദി, ഈജിപ്ഷ്യൻ വ്യവസായികൾ തമ്മിലുള്ള സഹകരണം നൂതനാശയങ്ങളുടെ മനോഭാവം പ്രകടമാക്കുന്നു. ഇന്ന് നമുക്ക് അത്യന്താപേക്ഷിതമായ ഒന്നാണിത്. ഇരു രാജ്യങ്ങൾക്കുമിടയിൽ നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും നിക്ഷേപത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കാനും കൂടുതൽ സംയുക്ത സംരംഭങ്ങൾ തുടങ്ങണമെന്നും ഫായിസ് അൽശുഅയ്‌ലി പറഞ്ഞു.
ഈജിപ്തിൽ സൗദി സ്വകാര്യ കമ്പനികൾ നടത്തിയ നിക്ഷേപം 3,500 കോടി ഡോളറിലെത്തിയിട്ടുണ്ടെന്നും നാലു വർഷത്തിനുള്ളിൽ ഇത് 5,000 കോടി ഡോളറായി ഉയർത്താൻ ലക്ഷ്യമിടുന്നതായും സൗദിഈജിപ്ഷ്യൻ ബിസിനസ് കൗൺസിൽ ചെയർമാൻ ബന്ദർ ബിൻ മുഹമ്മദ് അൽആമിരി പറഞ്ഞു. സൗദി അറേബ്യയിൽ 5,000 ഓളം ഈജിപ്ഷ്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ആകർഷകവും പിന്തുണ നൽകുന്നതുമായ നിക്ഷേപ അന്തരീക്ഷം സൗദിയിൽ കണ്ടെത്താൻ കഴിയുമെന്നും ബന്ദർ ബിൻ മുഹമ്മദ് അൽആമിരി പറഞ്ഞു.
റിയൽ എസ്റ്റേറ്റ് വികസന മേഖലയിൽ സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള സഹകരണം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വികസനത്തിന്റെ മൂലക്കല്ലുകളിൽ ഒന്നാണെന്ന് ഈജിപ്ഷ്യൻ ഭവനകാര്യ സഹമന്ത്രി ഡോ. അബ്ദുൽ ഖാലിഖ് ഇബ്രാഹിം പറഞ്ഞു. ഈജിപ്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ സൗദി നിക്ഷേപങ്ങൾ രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിൽ ഒന്നാണ്. സൗദി നിക്ഷേപകരുടെ നടപടിക്രമങ്ങൾ സുഗമമാക്കാനും നിക്ഷേപാവസരങ്ങൾ വാഗ്ദാനം ചെയ്യാനും റിയൽ എസ്റ്റേറ്റ് വികസന മേഖലയിൽ സൗദി നിക്ഷേപകർ നേരിടുന്ന തടസ്സങ്ങളും വെല്ലുവിളികളും പരിഹരിക്കാനും ശ്രമിച്ച് സൗദി നിക്ഷേപകരുടെ പ്രവർത്തനങ്ങൾ സുഗമമാക്കാനായി ന്യൂ അർബൻ കമ്മ്യൂണിറ്റീസ് അതോറിറ്റിയിൽ ഒരു സ്ഥിരം യൂനിറ്റ് രൂപീകരിക്കും. ഇരു രാജ്യങ്ങളും തമ്മിൽ സംയുക്ത റിയൽ എസ്റ്റേറ്റ് ഫണ്ട് സ്ഥാപിക്കാനും സൗദിഈജിപ്ഷ്യൻ റിയൽ എസ്റ്റേറ്റ് ഫോറം സംഘടിപ്പിക്കാനുമുള്ള ആസൂത്രണങ്ങൾ പുരോഗമിക്കുകയാണെന്നും ഡോ. അബ്ദുൽ ഖാലിഖ് ഇബ്രാഹിം പറഞ്ഞു.
സൗദി അറേബ്യയിലെയും ഈജിപ്തിലെയും നിക്ഷോവസരങ്ങളും പ്രോത്സാഹനങ്ങളും, ബിസിനസ് അന്തരീക്ഷം, വ്യാവസായിക, റിയൽ എസ്റ്റേറ്റ് വികസനം, ടൂറിസം, സാമ്പത്തികസ്വതന്ത്ര വ്യാപാര മേഖല എന്നീ മേഖലകളിലെ പങ്കാളിത്ത അവസരങ്ങൾ എന്നിവ അടക്കമുള്ള കാര്യങ്ങൾ ഫോറം അവലോകനം ചെയ്തു.