റിയാദ്: വധശിക്ഷയില്‍നിന്ന് ഒഴിവാക്കാന്‍ സൗദി അറേബ്യയില്‍ അഞ്ചുമില്യന്‍ റിയാലിലധികം മോചനദ്രവ്യം വാങ്ങരുതെന്ന നിയമമുണ്ടെന്ന് വ്യാജപ്രചാരണം. സൗദി പാര്‍ലമെന്റായ ശൂറാ കൗണ്‍സില്‍ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും അതിലധികം വാങ്ങുന്നത് സൗദി നിയമത്തിന് എതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നുമാണ് ചില നിക്ഷിപ്ത താത്പര്യക്കാര്‍ പ്രചരിപ്പിക്കുന്നത്.
സൗദി പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദിയിലെ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് 34 കോടി രൂപ (15 മില്യന്‍ റിയാല്‍) പിരിച്ചെടുത്തത് എന്തിനാണെന്നും പണം പിരിച്ചെടുത്തവര്‍ മറുപടി പറയേണ്ടിവരുമെന്നും ഇവര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. ഇതു സംബന്ധിച്ച വാദത്തിന്റെ വാസ്തവം ദ മലയാളം ന്യൂസ് അന്വേഷിക്കുന്നു.
കൊലപാതകത്തിനുള്ള ശിക്ഷ സംബന്ധിച്ച ഇസ്ലാമിക നിയമമാണ് സൗദി അറേബ്യയില്‍ നടപ്പാക്കിവരുന്നത്. കൊന്നവനെതിരെ പ്രതിക്രിയ നടപ്പാക്കണമെന്നാണ് ഇസ്ലാമിക നിയമം. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബം മാപ്പ് നല്‍കിയാല്‍ കൊലചെയ്തവന്‍ വധശിക്ഷയില്‍നിന്ന് രക്ഷപ്പെടും. ഇതില്‍ പൊതു അവകാശം, സ്വകാര്യ അവകാശം എന്നിങ്ങനെ രണ്ട് വശമുണ്ട്. സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ ശ്രമമുണ്ടായി എന്നതാണ് പൊതു അവകാശത്തിന് കീഴില്‍ വരിക. ഇതിന് ശിക്ഷ സര്‍ക്കാര്‍ നല്‍കണം. ഇത് തടവ് ശിക്ഷയാണ്.
കോടതിയും സര്‍ക്കാറും തീരുമാനിക്കുന്നതിന് അനുസരിച്ചായിരിക്കും ഇത് നടപ്പാക്കുക. എന്നാല്‍ കൊന്നവന് പ്രതിക്രിയ അഥവാ തിരിച്ചുകൊല്ലുകയെന്നത് സ്വകാര്യ അവകാശമാണ്. ഇത് കൊല്ലപ്പെട്ടവന്റെ കുടുംബത്തിന്റെ അവകാശമാണ്. അവര്‍ മാപ്പുനല്‍കിയില്ലെങ്കില്‍ കോടതി കൊലപാതകിയെ കൊല്ലാന്‍ വിധിക്കും. അല്ലാതെ കൊലപാതകിയെ നേരിട്ട് കൊല്ലാന്‍ നിയമമില്ല. അതിന് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ അനുമതി ആവശ്യമാണ്. അവര്‍ മാപ്പ് നല്‍കാന്‍ തയ്യാറായാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാകും. മാപ്പ് നല്‍കുന്നതിന് മോചനദ്രവ്യം കുടുംബത്തിന് ആവശ്യപ്പെടാം. അത് പ്രത്യേക സംഖ്യയായി നിശ്ചയിക്കാൻ രാഷ്ട്രത്തിന് സാധ്യമല്ല.
നിലവില്‍ പരമാവധി മോചനദ്രവ്യ സംഖ്യ സൗദിയില്‍ കണക്കാക്കിയിട്ടില്ല. വന്‍തുക വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നുമില്ല. 2018 ല്‍ ഒരു കൊലപാതക കേസില്‍ ഒരു സൗദി കുടുംബം 55 മില്യന്‍ റിയാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതും സാമൂഹിക മാധ്യമങ്ങള്‍ വഴി പണസമാഹരണം നടത്തിയതും സൗദിയില്‍ ചര്‍ച്ചയായിരുന്നു. ഏതാനും പ്രവിശ്യയുടെ ഗവര്‍ണര്‍മാരും ഉന്നതപണ്ഡിതസഭയും മോചനദ്രവ്യം ആവശ്യപ്പെടുമ്പോള്‍ മിതത്വം പാലിക്കണമെന്ന് അന്ന് സമൂഹത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ദ മലയാളം ന്യൂസ് നേരത്തെ വാർത്ത നൽകിയിരുന്നു.
എന്നാല്‍ നിയമമില്ലാത്തത് കാരണം അക്കാര്യം ആരെയും നിര്‍ബന്ധിക്കാനാവില്ല. പണം തന്നില്ലെങ്കില്‍ മാപ്പുമില്ല എന്ന് കുടുംബം വാശി പിടിച്ചാല്‍ കോടതിക്കോ ആഭ്യന്തരമന്ത്രാലയത്തിനോ വധശിക്ഷ നടപ്പാക്കാതിരിക്കാന്‍ കഴിയില്ല. മിക്ക വധശിക്ഷ കേസുകളിലും കൊല്ലപ്പെട്ടവന്റെ കുടുംബവുമായോ അഭിഭാഷകരുമായോ ചര്‍ച്ച നടത്തിയാണ് മാപ്പിനുള്ള മോചനദ്രവ്യം നിശ്ചയിക്കാറുള്ളത്. ചിലര്‍ ഒരു പണവും ആവശ്യപ്പെടാതെ മാപ്പ്‌നല്‍കുന്നുമുണ്ട്.
ഭീമമായ മോചനദ്രവ്യത്തിന് പരിധി നിശ്ചയിക്കണമെന്ന പഠന റിപ്പോര്‍ട്ട് 2021 ജനുവരിയില്‍ സൗദി പാര്‍ലമെന്റായ ശൂറാ കൗണ്‍സിലില്‍ ചര്‍ച്ചക്ക് വന്നിരുന്നു. കൊല്ലപ്പെട്ടവന്‍ അവിവാഹിതനാണെങ്കില്‍ സഹോദരങ്ങള്‍ക്ക് രണ്ട് മില്യന്‍ റിയാല്‍ വരെയും മാതാപിതാക്കള്‍ മാത്രമാണുള്ളതെങ്കില്‍ മൂന്ന് മില്യന്‍ റിയാല്‍ വരെയും വിവാഹിതനാണെങ്കില്‍ മക്കള്‍ക്ക് നാലു മില്യന്‍ റിയാല്‍ വരെയും മോചനദ്രവ്യം ആവശ്യപ്പെടാമെന്നായിരുന്നു പഠന റിപ്പോര്‍ട്ട്. എന്നാല്‍ ശൂറാ കൗണ്‍സില്‍ അംഗീകരിച്ച കരട് രേഖകള്‍ സൗദി മന്ത്രിസഭ പാസാക്കുകയും പിന്നീട് ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയും ചെയ്താല്‍ മാത്രമേ നിയമമാവുകയുള്ളൂ. അക്കാര്യം ഇതുവരെ നിയമം ആയിട്ടില്ല.
എന്നാല്‍ അബ്ദുറഹീമിന്റെ കേസില്‍ കൊല്ലപ്പെട്ട സൗദി പൗരന്റെ മാതാവ് പറഞ്ഞിരുന്നത് തന്റെ മകന്‍ കൊല്ലപ്പെട്ട പോലെ റഹീമിനെയും കൊല്ലണമെന്നതായിരുന്നു. മാതാവോ സഹോദരങ്ങളോ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാല്ലെന്ന് കോടതിയില്‍ സത്യം ചെയ്യുകയും ചെയ്തു. അതോടെ സുപ്രിംകോടതി വധശിക്ഷ അംഗീകരിച്ചു. ഈ ഘട്ടത്തില്‍ റിയാദില്‍ നടന്ന റഹീം നിയമസഹായസമിതിയുടെ ഒരു യോഗത്തില്‍ കുടുംബവുമായി സംസാരിക്കാന്‍ വഴികളാരാഞ്ഞു. അബഹ, റിയാദ് ഗവര്‍ണര്‍മാരോട് റഹീമിന് മാപ്പ് സംബന്ധിച്ച് കുടുംബത്തോട് സംസാരിക്കാന്‍ തീരുമാനിച്ചിരുന്നതായി നിയമസഹായ സമിതി പ്രവർത്തകർ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
സഹായസമിതി അംഗങ്ങളെ നേരിട്ടുകാണാന്‍ കുടുംബം സന്നദ്ധമായില്ല. അഭിഭാഷകര്‍ മുഖേന സംസാരിക്കാനാണ് കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടത്. ഒടുവില്‍ അവര്‍ 15 മില്യന്‍ എന്ന വലിയ സംഖ്യയിലെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് അവരുടെ അഭിഭാഷകന്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ഖഹ്താനി ഇന്ത്യന്‍ എംബസിക്ക് കത്തയക്കുകയും ചെയ്തു.
2023 ഒക്ടോബര്‍ 16 മുതല്‍ ആറു മാസത്തിനുള്ളില്‍ 15 മില്യന്‍ റിയാല്‍ നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് റഹീമിന് മാപ്പ് നല്‍കാമെന്ന കുടുംബത്തിന്റെ സമ്മതമായിരുന്നു ആ കത്തിലുണ്ടായിരുന്നത്. എംബസിയിലെ കമ്മ്യൂണിറ്റി വെല്‍ഫയര്‍ വിംഗ് അറ്റാഷെ കത്ത് അംബാസഡര്‍ക്കും ഡിസിഎമ്മിനും റഹീമിന്റെ കുടുംബത്തിനും ഈ കത്ത് അയച്ചു കൊടുത്തു. പിന്നീട് ധനസമാഹരത്തിന് നിയമസഹായസമിതി തീരുമാനിക്കുകയായിരുന്നു. അബ്ദുറഹീമിന് വധശിക്ഷ നല്‍കണമെന്ന നിലപാടില്‍ നിന്ന് അഭിഭാഷകര്‍ മുഖേന സമിതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കുടുംബം അംഗീകരിച്ചത്. ആറു മാസത്തിനുള്ളില്‍ മോചനദ്രവ്യം നല്‍കിയാല്‍ മാത്രമേ വധശിക്ഷാനടപടികളില്‍ നിന്ന് പിന്‍മാറുകയുള്ളൂവെന്ന് കുടുംബം അറിയിച്ചതായി എംബസിക്ക് ലഭിച്ച കത്തിലുണ്ട്.