ടി.പി മുഹമ്മദിന്റെ യൂറോപ്യൻ യാത്രാവിവരണം.
വീണ്ടും ഒരു യൂറോപ്പ് യാത്ര. ഇത്തവണ കുടുംബത്തോടൊപ്പം വിനോദം മാത്രമല്ല, ഒപ്പം മൂന്നാമത്തെ മകളുടെ ഉപരിപഠനവും കാരണമായുണ്ട്. ആദ്യം സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലെ ഐ.ഇ.യൂണിവേഴ്സിറ്റിയിലേക്ക്. തികച്ചും പ്രാക്റ്റിക്കൽ ക്ലാസുകളടങ്ങിയ മൂന്ന് ആഴ്ചകളായി നടക്കുന്ന സമ്മർ കോഴ്‌സിൽ മകൾക്ക് പങ്കെടുക്കണം. ശേഷം അഭിരുചിക്കും കഴിവിനും ആനുപാതികമായി ഉപരിപഠന കോഴ്സിലേക്കുള്ള പ്രവേശനം ലഭിക്കും.
ബാംഗ്ലൂരിൽ നിന്നും ബി.ബി.എ കഴിഞ്ഞ് മകൾ തന്നെ തിരഞ്ഞെടുത്ത കോഴ്‌സാണെങ്കിലും രക്ഷിതാക്കളായ ഞങ്ങൾക്ക് കൂടി ബോധ്യപ്പെടേണ്ടതിനാണ് ഞാനും ഭാര്യയും സഹചാരികളായത്. അവധിക്കാലമായതിനാൽ പ്ലസ് വണ്ണിൽ പഠിക്കുന്ന ഇളയ മകളെയും കൂട്ടി.
(സാന്ദർഭികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ. ഷെങ്കൻ വിസക്ക് രേഖകൾ സമർപ്പിക്കുമ്പോൾ പോകാൻ ഉദ്ദേശിക്കുന്നതിനു മുമ്പുള്ള തിയ്യതിക്കുള്ള ടിക്കറ്റ് തന്നെ കൊടുക്കാൻ ശ്രമിക്കണം. വിസ സ്റ്റാമ്പ് ചെയ്യുമ്പോൾ ആ ടിക്കറ്റ് തീയതി മുതലാണ് വിസ വാലിഡ് ആകുന്നത്. അത് കൊണ്ട് തന്നെ വിസ കിട്ടിയത് കൊണ്ട് നേരത്തെ പോകാമെന്നു വിചാരിച്ചാൽ നടക്കില്ല. )
തനതായ സംസ്കാര പൈതൃകങ്ങളുടെയും വൈവിധ്യമാർന്ന ഭൂപ്രകൃതികളുടെയും രാജ്യമാണ് സ്പെയിൻ, പഴമയുടെയും പുതുമയുടെയും മിഴിവാർന്ന സങ്കലനം എവിടെയും ദർശിക്കാം. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മെഡിറ്ററേനിയൻ തീരത്തെ വെയിലിൽ കുതിർന്ന ബീച്ചുകൾ മുതൽ പൈറനീസ് പർവതനിരകളും ഗലീഷ്യയുടെ പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും ഉൾപ്പെടെ സ്പെയിനിൻ്റെ ഭൂമിശാസ്ത്രം മനോഹരവും വൈവിധ്യവും നിറഞ്ഞതാണ്. മാഡ്രിഡും ബാഴ്‌സലോണയും പോലെയുള്ള വൻ നഗരങ്ങൾ ഇവിടെയാണല്ലോ. ഗോതിക് കത്തീഡ്രലുകൾ, റോമൻ ചരിത്രാവശിഷ്ടങ്ങൾ, അവൻ്റ്-ഗാർഡ് വാസ്തുവിദ്യ എന്നിവയുടെ ആകർഷകമായ സമന്വയവും നൂറ്റാണ്ടുകളുടെ കലാപരവും വാസ്തുവിദ്യാ പരിണാമവും എങ്ങും പ്രതിഫലിക്കുന്നു.
ഫ്ളമിംഗോ നൃത്തം, കാളപ്പോര്, ലാ ടോമാറ്റിന, സെമാന സാന്ത തുടങ്ങിയ പകിട്ടാർന്ന സ്പാനിഷ് ഉത്സവങ്ങൾ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. രാജ്യത്തിൻ്റെ പൈതൃകം റോമൻ, മൂറിഷ്, ക്രിസ്ത്യൻ എന്നീ സംസ്കാരങ്ങൾ ചേർന്നതാണ്. അതിലൂടെയാണ് രാജ്യത്തിൻറെ ഭാഷ, പാചകരീതി, ആചാരങ്ങൾ എന്നിവ രൂപപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ വിനോദസഞ്ചാരികളുടെ പറുദീസയാണ് സ്പെയിൻ എന്ന് ഒറ്റവാക്കിൽ പറയാം.
ദമാമിൽ നിന്നും അബുദാബി വഴി ഇത്തിഹാദ് എയർവെയ്‌സിൽ മാഡ്രിഡിലേക്ക് ആകെ പതിനൊന്ന് മണിക്കൂർ യാത്ര. മാഡ്രിഡ് എന്ന് കേൾക്കുമ്പോൾ ലോകത്തിലെ ഏറ്റവും കരുത്തരായ ഫുട്ബാൾ ടീമായ റയൽ മാഡ്രിഡിഡാണ് ഏവരുടെയും മനസിലേക്കെത്തുക. 1902-ൽ സ്ഥാപിതമായ, എട്ട് തവണ ഫിഫ ക്ലബ് ലോക ചാംപ്യൻഷിപ്പും പതിനഞ്ച് യൂറോ കപ്പും നേടിയ ക്ലബ്. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള ലോകോത്തര കളിക്കാരുടെ ഈറ്റില്ലം. പക്ഷെ അതിന് മുമ്പുള്ള മാഡ്രിഡിന്റെ ചരിത്രം കൗതുകമുണർത്തുന്നതാണ്. മെയ്റിത് എന്നറിയപ്പെട്ടിരുന്ന സ്പെയിനിന്റെ ഇന്നത്തെ തലസ്ഥാന നഗരി സ്ഥാപിച്ചത് ഒൻപതാം നൂറ്റാണ്ടിൽ ആമിർ മുഹമ്മദായിരുന്നു. 865-ൽ അമീർ മുഹമ്മദ് I, മൻസനാരെസ് നദിയുടെ തീരത്തുള്ള മെയ്റിത് ഗ്രാമത്തിൽ ഒരു കോട്ട പണിയാൻ തീരുമാനിച്ചത് മുതലാണ് ആ ചരിത്രം ആരംഭിക്കുന്നത്.
യൂറോപ്യൻ രാഷ്ട്രീയം, വിദ്യാഭ്യാസം, വിനോദം, പരിസ്ഥിതി, മാധ്യമങ്ങൾ, ഫാഷൻ, ശാസ്ത്രം, സംസ്കാരം, കല എന്നിങ്ങനെ എല്ലാ മേഖലകളിലും മാഡ്രിഡ് അതിന്റെ പാരമ്പര്യം അടയാളപ്പെടുത്തുന്നു. ഇവിടെ 6.9 ദശലക്ഷം ജനസംഖ്യയുണ്ട്. സ്പെയിനിൻ്റെ തലസ്ഥാനമായ മാഡ്രിഡ് 2023-ലെ കണക്കു പ്രകാരം ഫ്രാൻസിലെ പാരീസ് (12.4 മില്ല്യൺ) കഴിഞ്ഞാൽ രണ്ടാമത്തെ വലിയ മെട്രോപൊളിറ്റൻ നഗരമാണ്.
രാവിലെ എട്ടരക്ക് തന്നെ വിമാനം മാഡ്രിഡിൽ നിലം തൊട്ടു. എമിഗ്രേഷൻ അടക്കം എല്ലാം എളുപ്പമായിരുന്നു. നേരത്തെ എയർ ബി.എൻ.ബി വഴി ബുക്ക് ചെയ്ത “ഒപോർത്തോ”എന്ന പ്രദേശത്തുള്ള ഫർണിഷ്ഡ് അപ്പാർട്ടുമെന്റിലേക്ക് പോകണം. യൂറോപ്പിൽ പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിച്ചാൽ സമയവും പണവും ലാഭിക്കാം. പാരീസിലെ പോലെ ഇവിടെയും ഇംഗ്ലീഷ് അറിയുന്നവർ ചുരുക്കം. ഗൂഗിൾ ട്രാൻസ്ലേഷൻ തന്നെയാണ് ആശ്രയം.
സൗദി എസ്.ടി.സി. റോമിങ് പാക്കേജ് എടുത്തെങ്കിലും മകൾക്ക് വോഡഫോണിന്റെ ഒരു സിം വാങ്ങി, അതാണ് ലാഭവും. 100 ജി.ബി. ഡാറ്റയും 800 മിനിറ്റു കോളിനും മാസത്തേക്ക് 125 സൗദി റിയാലാണ് നിരക്ക്. പത്തോളം വരികളിലായ് ഗതാഗതം നടത്തുന്ന മാഡ്രിഡ് മെട്രോയിൽ അപ്പാർട്ടുമെന്റിലേക്ക് പോകുന്ന ട്രെയിൻ കണ്ടു പിടിച്ചു റൂമിലെത്തുമ്പോൾ സമയം ഉച്ചക്ക് പന്ത്രണ്ട് മണി.
യാത്രാക്ഷീണം വകവെക്കാതെ രണ്ടു ദിവസം കൊണ്ട് കാണാൻ പ്ലാൻ ചെയ്ത ഇടങ്ങളിലേക്ക് പോകാനായി വേഗം റൂമിൽ നിന്നിറങ്ങി. സ്വാഭാവികമായും ആദ്യം നോക്കിയത് ഹലാൽ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളായിരുന്നു. അരമണിക്കൂറിലധികം മെട്രോയിൽ പോയാലെ അത്തരം റസ്റ്റോറന്റുകൾ ഉള്ളൂ. വിശപ്പ് അത് വരെ പിടിച്ചു നിൽക്കാൻ കഴിയില്ല എന്നത് കൊണ്ട് ലഘു ഭക്ഷണമായി സ്‌പെയിനിൽ ലഭിക്കുന്ന രുചികരമായ ക്രോയ്സാൻഡ് അതു കഴിച്ചു.
അവിടുന്ന് മെട്രോ വഴി പോയത് പതിനഞ്ചാം നൂറ്റാണ്ടിൽ മാഡ്രിഡിനെ ചുറ്റിപ്പറ്റിയുള്ള നഗര മതിലിലെ കവാടങ്ങളായ ‘പ്യൂർട്ട ഡെൽ സോൾ’, ‘പ്ലാസ മയൂർ’, റോയൽ പാലസ് എന്നിവ കാണുന്നതിനാണ്. ഇതെല്ലം മാഡ്രിഡിന്റെ ഹൃദയ ഭാഗത്തിനടുത്തായാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ‘പ്യൂർട്ട ഡെൽ സോളി’ ന് കവാടം കിഴക്കോട്ട് തിരിഞ്ഞിരുന്നതിനാൽ, ‘ഉദയ സൂര്യന്റെ പ്രവേശനത്തെ മനോഹരമാക്കുന്നു’ എന്ന ചിന്തയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. 1620-ൽ നിർമിച്ച ‘പ്ലാസ മയൂർ’, ദീർഘചതുരാകൃതിയിലുള്ളതും തൂണുകളും കമാനങ്ങളും കൊണ്ടുള്ളതാണ്. കാലക്രമേണ കാളപ്പോരുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ, നാടകങ്ങൾ തുടങ്ങി വിചാരണകളും വധശിക്ഷകളും അടക്കം നിരവധി പൊതു പരിപാടികൾക്ക് ഇവിടം വേദിയായിട്ടുണ്ട്.
‘റോയൽ പാലസ്’ സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. നേരത്തെ രാജ ഭരണം നടക്കുന്നതും രാജാവും രാജ്ഞിയും താമസിച്ചിരുന്നതും ഇവിടെയായിരുന്നു . രാജാവ് കൗൺസിൽ ഓഫ് സ്‌റ്റേറ്റ് അധ്യക്ഷനാകുന്നതും സദസ്സുകൾക്ക് അനുമതി നൽകുന്നതും ഔദ്യോഗിക വിരുന്ന് നടത്തിയിരുന്നതും ഇവിടെ തന്നെ.
‘റോയൽ പാലസ്’ ലോകത്തെ വലിയ കൊട്ടാരങ്ങളിലൊന്നാണ്. 135,000 ചതുരശ്ര മീറ്ററും 3,418 മുറികളുമുണ്ട് ഇതിൽ. നൂറ്റാണ്ടുകളുടെ സ്പാനിഷ് ചരിത്രത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഈ കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. അതിലടങ്ങിയ കലാസൃഷ്ടികളും അമൂല്യമായ അവശേഷിപ്പുകളും അനുഭവിച്ചറിയാൻ ഓരോ വർഷവും ഏകദേശം രണ്ട് ദശലക്ഷം സന്ദർശകർ എത്തിച്ചേരുന്നു.
ഒരു ദിവസം കൊണ്ട് തന്നെ ഇത്രയും കാണാൻ കഴിഞ്ഞത് പകലിന് ദൈർഘ്യമേറിയത് കൊണ്ടാണ്. രാവിലെ രാവിലെ അഞ്ച് മണിക്ക് ഉദിക്കുന്ന സൂര്യൻ അസ്തമിക്കുന്നത് വൈകിട്ട് പത്ത് മണിക്കാണ്!!!.22 ഡിഗ്രി അന്തരീക്ഷോഷ്മാവും തെളിഞ്ഞ കാലാവസ്ഥയുമാണ് ഇപ്പോൾ. അടുത്ത ദിവസം മകളുടെ യൂണിവേഴ്‌സിറ്റിയും ബന്ധപ്പെട്ട കാര്യങ്ങൾ ഉള്ളതിനാൽ രാത്രി ഏറെ കാത്തു നിൽക്കാതെ തുർക്കി റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് അപ്പാർട്മെന്റിലേക്ക് മടങ്ങി.