അഭ്രപാളിയിൽ പതിഞ്ഞ ജോർദ്ദാനിലെ വാദിറം
പൃഥിരാജ് നായകനായ ആടു ജീവിതത്തിൻ്റെ ലൊക്കേഷൻ ജോർദ്ദാനിലായിരുന്നു. കോവിഡ് കാലത്തെ ഷൂട്ടിംഗിനിടയിലാണ് പൃഥിരാജും ബ്ലസ്സിയും എല്ലാം ആഴ്ചകളോളം വാദിറം എന്ന ഭൂമിയിലെ ” ചൊവ്വയിൽ ” അകപ്പെട്ടത്.
ദക്ഷിണ ജോർദാനിൽ പ്രകൃതിയണിയിച്ചൊരുക്കിയ അത്യാകർഷകമായ ചുകന്ന മണലാരണ്യവും അതിനോട് ചേർന്ന് നിൽക്കുന്ന അത്യപൂർവ്വമായ പാറക്കെട്ടുകളുമുൾക്കൊള്ളുന്ന വാദി റം എന്ന അതിവിശാലമായ ഒരു ഭൂദൃശ്യമുണ്ട്. പ്രകൃതിയൊരുക്കിയ ഏകദേശം 75000 ഏക്കർ വരുന്ന വിസ്മയ കാഴ്ചക്ക് ചന്ദ്രന്റെ താഴ് വര എന്ന ഇരട്ടപ്പേര് കൂടി ഉണ്ട്. ഒരു പക്ഷെ ലോകാത്ഭുതമായ പെട്രക്കും ചെങ്കടലിന്റെ രാജ്ഞിയായ അഖബക്കും അടുത്തായ് പ്രകൃതി ദൈവത്തിന്റെ പൂന്തോട്ടമായ ജോർദാന് സൂര്യതാലത്തിൽ നേദിച്ച് നല്കിയ അർച്ചനയാവാം വാദി റം. യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിത പദവി നല്കിയ മണലാരണ്യം ഉദയസൂര്യന്റെ കിരണങ്ങളാൽ അരുണ വർണമണിയുമ്പോൾ ഭൂമിയിലെ ചൊവ്വ ഗ്രഹമെന്നു ലോകം സാക്ഷ്യപ്പെടുത്തും.
അനന്തമായ ചുകന്ന മണൽപ്പരപ്പിലൂടെ ഉയർന്ന പാറക്കൂട്ടങ്ങളെയും തഴുകുന്ന കാറ്റിനെയും സാക്ഷിയാക്കി ഏകാന്തമായി നടക്കുന്ന ഏതൊരു സഞ്ചാരിയും ഒരു നിമിഷം അറിയാതെ മന്ത്രിക്കും…. ഇത് ഭൂമിയല്ല: – ഒരു അന്യഗ്രഹമാണെന്ന്. ഭൂഘടനയും, ചുറ്റുപാടുകളും എല്ലാം നമ്മെ ഏവരെയും പറയാതെ പറയിക്കും ഇത് ഭൂമിയിലെ കുജനാണെന്ന്. അത് തന്നെയാവാം ഹോളിവുഡിനെയും ബോളിവുഡിനെയും എന്തിനേറെ മലയാളത്തെപ്പോലും ഈ ദേവഭൂമി അഭ്രപാളികളിൽ എത്തിച്ചത്.
രമേഷ് ശങ്കരൻ എഴുതി റെഡ് ചെറി പ്രസിദ്ധീകരിച്ച “ഒലീവ് മരത്തണലിൽ” പശ്ചിമേഷ്യൻ രാജ്യമായ ജോർദ്ദാനെ പറ്റി ഇന്ത്യൻ ഭാഷയിലുള്ള ആദ്യ സമ്പൂർണ യാത്രാ വിവരണ ഗ്രന്ഥമാണ്. എസ്.കെ. പൊറ്റെക്കാട് അവാർഡ് നേടിയ ഈ കൃതിയുടെ അവതാരിക എഴുതിയത് ഡോ ഇന്ദിരാ ബാലചന്ദ്രനാണ്.
തിരമാല പോലെ ഒഴുകി വരുന്ന അതിവിശാലമായ ചുകന്ന മണൽ സാഗരമോ അതി ബൃഹത്തായ കരിങ്കല്ലിൽ തീർത്ത പർവ്വതങ്ങളോ മാത്രമല്ല വാദിറമ്മിനെ വിത്യസ്തമാക്കുന്നത്. ഇത് പ്രകൃതിയുടെ ഒരു കലവറയാണ്. അടുക്കി വെച്ച മണൽ തിട്ടകളുടെ , ചുറ്റി വളഞ്ഞ പാറക്കെട്ടകളുടെ, നിഗൂഡമായ മണൽ ഗുഹകളുടെ …. എല്ലാം ഒരു വലിയ കലവറ .ശിൽപ്പിയുടെ കരവിരുതുകളോ തച്ചന്റെ തന്ത്ര വിദ്യകളോ ഇല്ലാതെ കാലം തീർത്തു വെച്ച അതി പ്രധാനമായ കുറെ കരിങ്കൽ പാലങ്ങളുണ്ട്. ഖോർ അൽ അജ്റം( കുള്ളൻ പാലം) ഉമ്മു ഫ്രൂത്ത് പാലം, ബുർദ് പാലം എന്നിവ അക്ഷരങ്ങൾ കൊണ്ട് വർണിക്കാൻ പറ്റാത്ത കാലത്തിന്റെ മഹാനിർമ്മിതികൾ തന്നെയാണ്. കാഴ്കൾ നല്കുന്ന ഇമ്പത്തേക്കാൾ അതി സാഹസികതയുടെ നിശബ്ദ പോരാളികൾ തന്നെയാണ് ഇവയെല്ലാം.
വാദി റമ്മിനെ പരാമർശിക്കുമ്പോൾ ഈ ചുകന്ന മണൽപരപ്പിന്റെ മണ്ണിനെയും വിണ്ണിനെയും ഹൃദയത്തിലേറ്റിയ പതിനായിരം വർഷം പഴക്കമുള്ള ബെദൂയിൻ സംസ്കാരത്തെകുറിച്ച് പരാമർശിക്കാതെ പോകുന്നത് കാലത്തോട് കാണിക്കുന്ന നന്ദികേടാവും. ചെമ്മരിയാടിനെ അറുത്തെടുത്ത് വിഭവ സമൃദ്ധിയുടെ മാൻസെഫും , ചുട്ടെടുത്ത ബാർബിക് ഫുഡും, ബെദുവിൻ കാപ്പിയും കഴിച്ച് അറബി കുപ്പായത്തിന്റെ ഉള്ളിൽ പൊതിഞ്ഞ് വാദി റമ്മിൽ രാപ്പാർക്കുമ്പോൾ ആകാശത്തിലെ നക്ഷത്രങ്ങൾ താഴെ ഇറങ്ങി വന്ന് ഏവരെയും വർണവിസ്മയങ്ങളിൽ പൊതിയും. ഒരു സൂര്യേദയവും സൂര്യാസ്തമയവും ഈ മണലാരണ്യത്തിൽ നിന്ന് സാക്ഷിയാവാൻ ഭാഗ്യമുണ്ടായാൽ ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട ആത്മ നിർവൃതിയാവും ഓരോ സഞ്ചാരിക്കും അനുഭവഭേദ്യ മാവുക.ഉണങ്ങിയ മണൽ പ്രദേശത്തെ ഒറ്റപ്പെട്ട ഗുഹാ മനുഷ്യരുടെ വിലാപങ്ങളല്ല വാദി ദമ്മിന് പറയാനുള്ളത്.
മറിച്ച് ഉയിര് കൊണ്ടും ഉശിരും കൊണ്ടും ഉയരങ്ങൾ താണ്ടിയ അതി സാഹസികരായ പർവ്വതാരോഹകരുടെ , മരുഭൂമിയിലെ മരുപ്പച്ചയായ ഫ്ളോറയും ഫോണയും കൊണ്ട് മൃതസഞ്ജീവനി ഒരുക്കിയ അശ്വിനി ദേവൻമാരുടെ , സൂര്യതാപത്തിലും എരിഞ്ഞടങ്ങാതെ മാനിനെയും കുരുവിയെയുമെല്ലാം നെഞ്ചോട് ചേർത്ത് കാത്തു രക്ഷിച്ച കരുണാമയരുടെ കഥ കൂടിയാണ്.ഹിമാലയത്തോളം തോന്നിക്കുന്ന പാറകളില്ലൊം കർഷക സംസ്കൃതിയുടെ അടയാളങ്ങളായ അമ്പും വില്ലും, ഒട്ടകവും, കുതിരയും എല്ലാം കാലങ്ങൾക്ക് മുമ്പെ അവർ കോറിയിട്ടിട്ടുണ്ട്.മരുഭൂമിയുടെ കമനീയമായ ലാൻറ്സ്കേപ്പിനെപ്പോലും അമ്പരിപ്പിക്കുന്ന സംസ്കാരത്തിന്റെ ഭൂസമൃദ്ധിയുടെ ഉറവിടം കൂടിയാണ് വാദിറം- ഏകദേശം കാൽലക്ഷത്തോളം ശിലാലിഖിതങ്ങൾ , 150 ലധികം വരുന്ന പുരാവസ്തു കേന്ദ്രങ്ങൾ – എല്ലാം ഒരു മഹാ സംസ്കൃതിയുടെ തിരുശേഷിപ്പുകൾ കാത്തു സൂക്ഷിക്കുന്ന നല്ല സ്മരണകൾ. നബാത്തിയൻ, ഇസ്ലാമിക് സംസ്കാരങ്ങളുടെ സമഞ്ജസ ഭൂമിയായ വാദി റം പതിനായിരങ്ങളുടെ ഉല്ലാസ കേന്ദ്രമാവുമ്പോൾ ഒരു പഴയ കാലത്തിന്റെ ശേഷിക്കുന്ന തലമുറക്ക് അന്നവും അഭയവും കൂടിയാണ്.’ ഒരു കാലത്ത് ഒരു മഹാസമുദ്രമായിരുന്ന വാദിറം ഭൂമിയിലെ ചൊവ്വയായി അറിയപ്പെടുമ്പോൾ കടലോർമകളിൽ ശേഷിക്കുന്നത് വലിയ മത്സ്യങ്ങളുടെ ഫോസിലുകൾ മാത്രം. പടിഞ്ഞാറൻ ചക്രവാളങ്ങളിൽ സൂര്യൻ പാതി മായുമ്പോൾ ചുകന്ന താഴ്വരയിലൂടെ ഒരു സഫാരി നടത്തി അറബിപ്പാട്ടിന്റെ ഹബീബി താളങ്ങൾ കേൾക്കുമ്പോൾ എല്ലാവരും ചേർന്ന് പറയും… അതെ വാദി റം “ചന്ദ്രന്റെ താഴ് വര തന്നെയെന്ന്:
രമേഷ് ശങ്കരൻ ( ഒലീവ് മരത്തണലിൽ.പ്രസാധകർ ,റെഡ് ചെറി, കോഴിക്കോട്)