ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടുതോടെ ഇറാന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് മൊഖ്ബർ അധികാരമേൽക്കും. പ്രസിഡന്റ് മരിച്ചാൽ നിലവിലുള്ള ആദ്യവൈസ് പ്രസിഡന്റ് അധികാരമേൽക്കണം എന്നും 50 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഇറാൻ ഭരണഘടനയിൽ പറയുന്നത്. രാജ്യം അസ്ഥിരമാകില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി രാജ്യത്തോട് പറഞ്ഞു.
പ്രസിഡന്റിനൊപ്പം പരിചയസമ്പന്നനായ വിദേശകാര്യമന്ത്രിയെയുമാണ് ഇറാന് നഷ്ടമായത്. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള സമീപകാല സൗഹൃദം സുരക്ഷിതമാക്കാൻ സഹായിച്ചത് മികച്ച നയതന്ത്രജ്ഞൻ കൂടിയായ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന അകൽച്ച ഇല്ലാതാക്കുന്നതിന് അമീറാബ്ദുള്ള വലിയ സേവനമാണ് ചെയ്തത്.
മേഘാവൃതമായ കാലാവസ്ഥയും മൂടൽമഞ്ഞും തണുപ്പും ഹെലികോപ്റ്ററിന്റെ തകർച്ചയ്ക്ക് കാരണമായിരിക്കാമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധർ പറയുന്നത്. അസർബൈജാനിൽ ഡാം ഉദ്ഘാടനം ചെയ്തു തിരിച്ചുവരുന്നതിനിടെയാണ് പ്രസിഡന്റും സംഘവും അപകടത്തിലായത്. അപകടമുണ്ടായത്. നേരം പുലരുന്നത് വരെ മേഖലയിൽ തിരച്ചൽ നടന്നു.
ഇറാൻ പ്രസിഡന്റിന്റെ വിമാനം അപകടത്തിൽപ്പെട്ടുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് മധ്യപൗരസ്ത്യ ദേശം ശ്രവിച്ചത്. മേഖലയിലെ മുഴുവൻ രാജ്യങ്ങളും ഇറാന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രസിഡന്റിനെ അനുഗമിച്ച ഹെലികോപ്റ്റർ വ്യൂഹം അപകടത്തിപ്പെട്ടു എന്നായിരുന്നു ആദ്യ വിവരം. അധികം വൈകാതെ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത് എന്ന വിവരം ഇറാൻ ദേശീയ മാധ്യമം തന്നെ പുറത്തുവിട്ടു. പ്രസിഡന്റിന് വേണ്ടി പ്രാർത്ഥിക്കാനും ആഹ്വാനമുണ്ടായി. മോശം കാലാവസ്ഥയെ തുടർന്ന് അപകടമുണ്ടായ സ്ഥലത്തേക്ക് പെട്ടെന്ന് എത്താൻ രക്ഷാപ്രവർത്തകർക്ക് സാധിക്കാത്തത് ആശങ്കയുടെ കനം കൂട്ടി. കനത്ത മൂടൽ മഞ്ഞും വിമാനം തകർന്നുവീണ സ്ഥലത്തെ പ്രതികൂല ഭൂഘടനയും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കി. ഈ സ്ഥലം കണ്ടെത്താനും ഏറെ പ്രയാസപ്പെട്ടു. പർവതങ്ങളും അപകടമേഖലയിലെ വനങ്ങളുടെ സാന്നിധ്യവും തിരച്ചിലിനെ സങ്കീർണ്ണമാക്കി.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ, തബ്രിസ് മുഹമ്മദി അലി അൽ ഹാഷിമിൻ്റെ ഫ്രൈഡേ ഇമാം, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലെക് റഹ്മതി എന്നിവരും ഇറാൻ പ്രസിഡൻ്റിനെ ഹെലികോപ്റ്ററിൽ അനുഗമിക്കുന്നുണ്ടായിരുന്നു. ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലേക്ക് യാത്ര ചെയ്യുകയായിരുന്നു റെയ്‌സി. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ (375 മൈൽ) വടക്ക് പടിഞ്ഞാറ് അസർബൈജാൻ സംസ്ഥാനത്തിൻ്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജുൽഫ നഗരത്തിന് സമീപത്താണ് അപകടമുണ്ടായത്.
ഇറാനിലെ മതപുരോഹിതനും പ്രോസിക്യൂട്ടറും രാഷ്ട്രീയക്കാരനുമായിരുന്നു ഇബ്രാഹീം റെയ്സി. 1960 ഡിസംബർ പതിനാലിന് ഇറാനിലെ മഷാദിലായിരുന്നു ജനനം. ഇറാന്റെ നീതിന്യായ വ്യവസ്ഥയുടെ തലവനായി 2019 മുതൽ 2021 വരെ റെയ്സി പ്രവർത്തിച്ചു. 2021-ലാണ് പ്രസിഡന്റായത്.
ഇമാം അലി അൽ-റിദയുടെ ശ്മശാന സ്ഥലമെന്ന നിലയിൽ പന്ത്രണ്ട് ഷിയയുടെ ഒരു പ്രധാന മതകേന്ദ്രമായ മഷാദ് നഗരത്തിലാണ് റെയ്സി വളർന്നത്. ഭൂപരിഷ്‌കരണത്തിൻ്റെയും (1960-63) ധവളവിപ്ലവ വികസന പരിപാടിയുടെയും (1963-79) ഫലമായി ഇറാൻ മാറ്റങ്ങൾക്ക് വിധേയമാകുമ്പോഴായിരുന്നു റെയ്സിയുടെ ജനനം.
മതപണ്ഡിത കുടുംബത്തിൽ വളർന്ന റെയ്സി ഇറാനിലെ പ്രമുഖ പണ്ഡിതരുടെ കീഴിൽ പഠനം തുടർന്നു. മുഹമ്മദ് ഷാ പഹ്‌ലവിയുടെ ഭരണത്തിൽ ഇറാനികൾ പരക്കെ അതൃപ്‌തിയുള്ള ഒരു സമയത്ത് മതസ്ഥാപനങ്ങളിൽ പലതും ഖുമൈനിയുടെ വിപ്ലവ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു. അത് ഇറാൻ വിപ്ലവത്തിലേക്ക് നയിക്കുകയും ചെയ്തു.
ഇറാനിയൻ വിപ്ലവത്തിനുശേഷം, അയൽരാജ്യമായ ഇറാഖുമായുള്ള സമ്പൂർണ യുദ്ധം ഉൾപ്പെടെ വെല്ലുവിളികൾ ഇറാൻ നേരിട്ടു. ഈ സമയത്ത് ഭരണനിർവഹണത്തിൽ പങ്കാളിയായിരുന്നു റെയ്സി. ഭരണനിർവഹണത്തിൽ പരിശീലനം നേടിയ അദ്ദേഹം താമസിയാതെ തെക്കുപടിഞ്ഞാറൻ ഇറാനിലെ മസ്ജിദ് സുലൈമാനിലെ പ്രോസിക്യൂട്ടറുടെ ഓഫീസിൽ ചേർന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ, കരാജ് നഗരം, ഹമദാൻ നഗരം, ഹമദാൻ പ്രവിശ്യ എന്നിവയുൾപ്പെടെ വിവിധ അധികാരപരിധികളിൽ പ്രോസിക്യൂട്ടറായി അദ്ദേഹം കൂടുതൽ അനുഭവം നേടി. 1985-ൽ രാജ്യത്തിൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി.
ടെഹ്‌റാനിൽ 1989-94 കാലഘട്ടത്തിൽ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ചു. ജനറൽ ഇൻസ്പെക്ഷൻ ഓർഗനൈസേഷൻ്റെ തലവനും (1994-2004) മതവൈദികർക്കായുള്ള പ്രത്യേക കോടതിയുടെ പ്രോസിക്യൂട്ടർ ജനറലും (2012-21) ആയി നിയമിതനായതാണ് ഏറെ ശ്രദ്ധേയമായത്. ചീഫ് ജസ്റ്റിസിൻ്റെ ആദ്യ ഡെപ്യൂട്ടി എന്ന നിലയിൽ 2004- മുതൽ 14 വരെയായിരുന്നു ഇത്. 2009 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അശാന്തിക്ക് ശേഷം വിമതരെ അടിച്ചമർത്തുന്നതിൽ റെയ്സി പ്രധാന പങ്ക് വഹിച്ചു.
ഇറാനിലെ ഏറ്റവും വലിയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചുമതല 2016-ൽ റെയ്സിയെ ഖുമൈനി ഏൽപ്പിച്ചു. 2019 വരെ ഈ പദവി വഹിച്ചു. ഭരണത്തിനുള്ളിൽ തൻ്റേതായ ഉന്നതസ്ഥാനം ഉണ്ടായിരുന്നിട്ടും, അഴിമതിക്കെതിരെ കർക്കശക്കാരനായ ഒരു തത്വാധിഷ്ഠിത ഗവൺമെൻ്റ് വിമർശകൻ എന്ന പ്രതിച്ഛായ റെയ്സി കെട്ടിപ്പടുത്തു. 2017 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഹസൻ റൂഹാനിക്കെതിരെ അദ്ദേഹം മത്സരിച്ചു. അന്താരാഷ്ട്ര ആണവ കരാർ (ജോയിൻ്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ) അവസാനിപ്പിച്ചതിന് റൂഹാനിയെ വിമർശിച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ റൂഹാനി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എന്നാൽ 38 ശതമാനം വോട്ട് നേടി റെയ്സിയും മുൻനിരയിലെത്തി. ഒരു വർഷത്തിന് ശേഷം ജെസിപിഒഎയിൽ നിന്ന് അമേരിക്ക പിൻവാങ്ങിയത് റെയ്സിയുടെ വാദങ്ങളെ സാധൂകരിക്കുന്നതായി. 2019-ൽ ജുഡീഷ്യറിയുടെ തലവനായി നിയമിതനായ റെയ്സി, സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമുഖ വ്യവസായികൾക്കുമെതിരെ അഴിമതിക്കേസുകൾ ചുമത്തി.
2021 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റെയ്സി മത്സരിച്ചത് ഗവൺമെൻ്റിൻ്റെ അഴിമതിക്കെതിരായ ഒരു തത്വാധിഷ്ഠിത സംരക്ഷകനായി സ്വയം ഉയർത്തിക്കാട്ടിയായിരുന്നു. അതേസമയം, ഇറാൻ്റെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് ഒരു അന്താരാഷ്ട്ര ആണവ കരാറിന് വേണ്ടിയുള്ള ചർച്ചകൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ അദ്ദേഹം വൻ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു. പക്ഷെ വോട്ടിംഗ് 50 ശതമാനത്തിൽ താഴെയായിരുന്നു. ഭരണത്തിന്റെ തുടക്കത്തിൽ സാമ്പത്തിക ആശ്വാസത്തേക്കാൾ ഭരണ സുരക്ഷയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തി. അദ്ദേഹത്തിൻ്റെ ആദ്യ ബജറ്റ് നിർദ്ദേശം പ്രതിരോധ സ്ഥാപനങ്ങൾക്കുള്ള ധനസഹായത്തിൽ ഗണ്യമായ വർദ്ധനവ് അനുവദിച്ചെങ്കിലും ആഭ്യന്തര ചെലവുകൾ വെട്ടിച്ചുരുക്കി. നിരവധി പ്രക്ഷോഭങ്ങളാണ് റെയ്സിയുടെ ഭരണകാലത്ത് ഇറാനിൽ അരങ്ങേറിയത്.
വൈസ് പ്രസിഡൻ്റ് മുഹമ്മദ് മൊഖ്ബർ ഇറാൻ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കും. അടുത്ത 50 ദിവസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടക്കുമെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.