ഇന്ന് അന്താരാഷ്ട്ര ഫുട്ബാൾ ദിനം
മലപ്പുറം മേൽമുറിയിലെ കുഴിമാട്ടക്കളത്തിൽ മൊയ്തീൻ കുട്ടിയെന്ന ഇരുമ്പൻ മൊയ്‌തീൻ കുട്ടിയാണ് പാകിസ്ഥാൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായത്.
മലപ്പുറം കോട്ടപ്പടി മുനിസിപ്പൽ ഗ്രൗണ്ടിൽ ( പഴയ കവാത്ത് പറമ്പില്‍) പന്ത് തട്ടിക്കളിച്ച പയ്യന്‍ പില്‍ക്കാലത്ത് പാകിസ്ഥാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായി മാറി. മലപ്പുറം മേല്‍മുറിയിലെ കുഴിമാട്ടക്കളത്തില്‍ മൊയ്തീന്‍കുട്ടിയെന്ന ഇരുമ്പന്‍ മൊയ്തീന്‍കുട്ടിയുടെ കളിജീവിതം ഏറെ സാഹസികത നിറഞ്ഞതാണ്. കോട്ടക്കലിനടുത്ത കോഴിച്ചെനയില്‍ ഒരു സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതറിഞ്ഞ് അത് കാണാന്‍ വേണ്ടി 24 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിപ്പോയ ബാലന്‍, പില്‍ക്കാലത്ത് ഇന്ത്യന്‍ വ്യോമസേനാംഗമായി മാറി.
വിഭജനാനന്തരം ആകാശത്തിന്റെ അതിര് ഭേദിച്ച് അയല്‍നാടായ പാകിസ്ഥാനിലെത്തി അവിടത്തെ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. അപ്പോഴും പക്ഷേ നഗ്നപാദനായി മലപ്പുറത്ത് കാല്‍പന്ത് കളിച്ച ആ ചെറുപ്പക്കാരനെ ഫുട്‌ബോള്‍ ജ്വരം വിടാതെ പിടികൂടിയിരുന്നു. അന്നത്തെ അടിയുടെ ഊക്ക് കണ്ട് മലപ്പുറത്തെ കളിക്കമ്പക്കാര്‍ അദ്ദേഹത്തിന് നല്‍കിയ മറുപേരാണ് ഇരുമ്പന്‍ മൊയ്തീന്‍കുട്ടി. ഇരുമ്പിന്റെ കരുത്തുള്ള ഷോട്ടുകള്‍. ഏതോ ഒരു മല്‍സരത്തിനിടെ മൊയ്തീന്‍ കുട്ടിയുടെ ഉഗ്രന്‍ ഷോട്ടില്‍ ഗോള്‍പോസ്റ്റിന്റെ ഇരുമ്പ്ബാറുകള്‍ തകര്‍ന്നുവീണത് കൊണ്ടാകാം ഇരുമ്പന്‍ എന്ന പേര് കിട്ടിയതെന്ന് മറ്റൊരു കഥയുമുണ്ട്. ഏതായാലും പാക് ദേശീയ ഫുട്‌ബോള്‍ ടീമിനു വേണ്ടി ബൂട്ട് കെട്ടിയ കുട്ടിയുടെ കാരിരുമ്പിന്റെ കരുത്തുള്ള അടിയേറ്റ് പല രാജ്യങ്ങളുടേയും ഗോള്‍മുഖങ്ങള്‍ വിറച്ചിട്ടുണ്ട്.
മധ്യനിരയാണ് കുട്ടിയുടെ പൊസിഷന്‍. മൈതാനമധ്യത്തില്‍ നിന്നുള്ള അടി ഗോളാക്കി മാറ്റിയ ഒരു റെക്കാര്‍ഡും കുട്ടിയുടെ ചരിത്രത്തിലുണ്ട്. പാക് എയര്‍ഫോഴ്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാലത്താണത്. 1952- ലാണത്. ഓള്‍ പാകിസ്ഥാന്‍ ഇന്റര്‍സര്‍വീസസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തില്‍
ബര്‍മയ്‌ക്കെതിരെ സെന്റര്‍ഫോര്‍വേഡ് കുട്ടി ഉതിര്‍ത്ത ആ ഷോട്ട് പാക് ഫുട്‌ബോളിന്റെ ചരിത്രത്തിലെ എണ്ണം പറഞ്ഞ ഗോളുകളിലൊന്നാണ്.
കൊളംബോയില്‍ നടന്ന ഏഷ്യന്‍ ക്വാഡ്രാങ്കുലറില്‍ പാക് ടീമിനെ നയിച്ച മൊയ്തീന്‍കുട്ടി, ആദ്യം വൈസ് ക്യാപ്റ്റനും പിന്നീട് ക്യാപ്റ്റനുമായി. കൊളംബോ കപ്പ് എന്നാണ് ഈ മല്‍സരം അറിയപ്പെട്ടിരുന്നത്. ഏറെക്കാലം പാക് നാഷനല്‍ ഫുട്‌ബോള്‍ ടീമിന്റെ അമരക്കാരനായ കുട്ടി, ആ രാജ്യത്തിന്റെ കായികഭൂമികയും പുതുതലമുറയും ക്രിക്കറ്റിലേക്ക് വഴിമാറുന്നത് വരെ ഫുട്‌ബോളിന്റെ ‘അടിയും തട’ യും പാകിസ്ഥാനി യുവാക്കളെ പരിശീലിപ്പിച്ചു.
കൊളംബോ കപ്പില്‍ റംഗൂണ്‍, കൊല്‍ക്കത്ത, ഡാക്ക ടീമുകള്‍ക്കെതിരെ മൊയ്തീന്‍കുട്ടി പാക് ജഴ്‌സിയണിഞ്ഞു. അന്നത്തെ സിലോണിനെതിരായ മല്‍സരത്തില്‍ രണ്ടാം പാതിയുടെ ആദ്യരണ്ടു നിമിഷങ്ങളില്‍ രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്ത് ഏഷ്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ത്തു, കുട്ടി. ആതിഥേയരായ സിലോണിനെ അവരുടെ നാട്ടില്‍ അരഡസന്‍ ഗോളുകള്‍ക്ക് കശക്കിയെറിയാന്‍ പാക് ടീമിനു കഴിഞ്ഞതിന്റെ പ്രധാന ക്രെഡിറ്റ് ഈ മലപ്പുറത്തുകാരനുള്ളതാണ്. വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്ന് ക്യാപ്റ്റന്‍സിയിലേക്കുള്ള കുട്ടിയുടെ പ്രമോഷന് കൂടി ഉതകുന്നതായി ഏഷ്യന്‍ ക്വാഡ്രാങ്കുലറിലെ ഈ ഐതിഹാസിക വിജയം.
ഉസ്മാന്‍ ജാന്‍, അബ്ദുല്‍ വാഹിദ് ദുറാനി, മുഹമ്മദ് ഷെരീഫ് എന്നിവര്‍ക്ക് ശേഷം പാകിസ്ഥാന്‍ ടീമിന്റെ നാലാമത്തെ നായകനായി മാറി, മൊയ്തീന്‍കുട്ടി. മനിലയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പാക് ഫുട്‌ബോള്‍ ടീമിനെ നയിച്ചതും കുട്ടിയായിരുന്നു. 1955 ല്‍ ഇറാനില്‍ നടന്ന ആര്‍മി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ, ഇറാഖ്, സിറിയ എന്നീ ടീമുകളോടെല്ലാം മാറ്റുരച്ച് ഫൈനലിലെത്തിയ കുട്ടിയുടെ പട പക്ഷേ തുര്‍ക്കിയോട് അടിയറവ് പറഞ്ഞു. പാക് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇടം നേടിയ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഗാസി, ആബിദ് ഗാസി തുടങ്ങിയ എക്കാലത്തേയും ഇന്റര്‍നാഷനല്‍ താരങ്ങളുടെ നിരയിലാണ് മലപ്പുറം മൊയ്തീന്‍കുട്ടിയുടെ സ്ഥാനം.
പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇറാന്‍ ടീമുമായുള്ള സൗഹൃദമല്‍സരത്തില്‍ പരാജയത്തിന്റെ കയ്പറിഞ്ഞ കുട്ടിയുടെ ടീം, മുപ്പത് നാള്‍ക്കകം തന്നെ ഇറാന്‍ പര്യടനത്തില്‍ ആതിഥേയരെ രണ്ടുഗോളുകള്‍ക്ക് കീഴടക്കി മധുരമായി പക വീട്ടിയ ചരിത്രവുമുണ്ട്. പാകിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രൈഡ് ഓഫ് പെര്‍ഫോമന്‍സ് പുരസ്‌കാരം കുട്ടിയെത്തേടിയെത്തി. 1969 ല്‍ പ്രസിഡന്റ് യാഹ്യാഖാനില്‍ നിന്നാണ് കുട്ടി ഈ അവാര്‍ഡ് സ്വീകരിച്ചത്. പതിനായിരം രൂപയും സ്വര്‍ണപ്പതക്കവുമായിരുന്നു ഉപഹാരം.
1928 ല്‍ മലപ്പുറത്തിനടുത്ത മേല്‍മുറിയില്‍ ജനിക്കുകയും 2011 സെപ്റ്റംബര്‍ ഏഴിന് പാകിസ്ഥാനിലെ കറാച്ചിയില്‍ അന്തരിക്കുകയും ചെയ്ത ‘ഇരുമ്പന്‍ മൊയ്തീന്‍കുട്ടി’ യുടെ ഫുട്‌ബോളിനു പിറകെയുള്ള ഇതിഹാസതുല്യമായ യാത്ര പുതിയ തലമുറയ്ക്കാകെ ആവേശം പകരുന്നതാണ്.