സാഹിത്യം
1989 വരെയും അതിനു ശേഷവും ജര്‍മനിയുടെ ചരിത്രം രണ്ടു കൈവഴികളിലൂടെയാണ് ഒഴുകുന്നത്. പ്രസിദ്ധമായ ബെര്‍ലിന്‍ മതില്‍ തകര്‍ന്ന് പശ്ചിമ ജര്‍മനിയും പൂര്‍വജര്‍മനിയും ഒന്നായപ്പോഴും അത് വരെ അകറ്റി നിര്‍ത്തിയിരുന്ന കമ്യൂണിസ്റ്റ് – ക്യാപിറ്റലിസ്റ്റ് ആശയങ്ങളുടെ അന്തരം ഇല്ലാതായപ്പോഴും ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ വൈകാരികതലങ്ങളില്‍ പക്ഷേ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ഈ വ്യക്തിഗതചിന്തകളുടെ ദര്‍പ്പണമാണ് ജെന്നി എര്‍പെന്‍ബെക്ക് എന്ന ജര്‍മ്മന്‍ എഴുത്തുകാരിയെ ഇക്കൊല്ലത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നേടിക്കൊടുക്കാന്‍ നിമിത്തമായിത്തീര്‍ന്ന അവരുടെ പ്രസിദ്ധമായ ‘കെയ്‌റോസ്’ എന്ന നോവല്‍. ബെര്‍ലിനായിരുന്നു കമ്യൂണിസ്റ്റ് ജര്‍മനിയുടെ തലസ്ഥാനം. ബോണ്‍, പടിഞ്ഞാറന്‍ ജര്‍മനിയുടെ തലസ്ഥാനവും. ഇരുനഗരങ്ങളും അകന്നുകഴിഞ്ഞപ്പോഴും പിന്നീട് അടുത്തപ്പോഴും സംഭവിച്ച മാനുഷികമായ ഐക്യവും പൂത്ത് വിടര്‍ന്ന പ്രണയപുഷ്പങ്ങളുമൊക്കെ ഏറ്റവും കാല്‍പനികമായ ശൈലിയിലാണ്, എന്നാല്‍ അത്യാധുനിക സങ്കേതങ്ങളുപയോഗിച്ച് കൊണ്ട് തന്നെ, എഴുതിയതാണ് എര്‍പെന്‍ബെക്കിന്റെ ഈ കൃതിയെന്ന് നിരൂപകര്‍ വാഴ്ത്തുന്നു.
കിഴക്കന്‍ ജര്‍മനി ഇല്ലാതായ കൊല്ലത്തില്‍ നടന്ന പ്രണയകഥയിലെ നായിക കാതറിന എന്ന യുവതിയാണ്. അവരുടെ കാമുകനാകട്ടെ, വയോധികനായ പടിഞ്ഞാറന്‍ ജര്‍മനിക്കാരനും. ബെര്‍ലിന്‍ മതില്‍ ഇല്ലാതാകുമ്പോള്‍ രണ്ടു രാജ്യങ്ങളിലെ മനുഷ്യരുടെ ഒരുമ പ്രകടമായി കാണുമെങ്കിലും ആന്തരികമായ അവരുടെയെല്ലാം ചില സംഘര്‍ഷങ്ങള്‍, അത് പോലെ അന്നോളം ശീലിച്ചുപോന്ന രണ്ടു സംസ്‌കൃതികളുടെ പൊടുന്നനവെയുള്ള സമന്വയം.. ഇതെല്ലാം ചാരുതയോടെ ആവിഷ്‌കരിച്ചിരിക്കുകയാണ് ‘കെയ്‌റോസ്’ എന്ന നോവലില്‍. ജര്‍മന്‍ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മനോഹരമായി മൊഴിമാറ്റം നടത്തിയ മിഖായോല്‍ ഹോഫ്മാനും, നോവലിസ്റ്റിനോടൊപ്പം സ്മ്മാനത്തുക പങ്കിടും. അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്ന 149 കൃതികളില്‍ നിന്നാണ് കെയ്‌റോസ് മികച്ച പുസ്തകമായി തെരഞ്ഞെടുത്തത്. കോഫി ഷോപ്പിലെ സായാഹ്നത്തില്‍, മനോഹരമായ പ്രണയനിമിഷങ്ങളില്‍ കാമുകന്‍ ചോദിക്കുന്നു, കാതറിനയോട്: നീയെന്റെ ശവസംസ്‌കാരത്തിനു വരുമോ?
കുടിച്ച് തീരാത്ത കോഫി തുളുമ്പുന്ന ഗ്ലാസ് അവളുടെ കൈയിലിരുന്ന് വിറച്ചു.
അയാളുടെ മുഖത്ത് അവള്‍ സാകൂതം നോക്കി. വീണ്ടും അയാള്‍ ചോദിക്കുന്നു: എന്റെ സെമിത്തേരിയിലേക്ക് നീ വരുമോ?
– ഡിയര്‍, നിങ്ങള്‍ ജീവിച്ചിരിക്കുന്നുവല്ലോ, എന്താണ് മരണത്തെക്കുറിച്ചാലോചിക്കുന്നത്?
പിന്നെയും അയാളുടെ ചോദ്യം: നീ വരില്ലേ? എന്റെ ശവപ്പെട്ടി ചുമക്കാന്‍? എന്നെ ശ്മശാനത്തില്‍ അടക്കം ചെയ്യുന്നത് കാണാന്‍?
കാതറിന പറഞ്ഞു: വരും, ഞാന്‍ വരും….
പിന്നെ കണ്ണീര്‍മഴയോ രോഷത്തിന്റെ നീലവെളിച്ചമോ?
മനോനിലകളുടെ വൈരുധ്യവും വൈകൃതങ്ങളുമാണ് അവിടുന്നങ്ങോട്ട്
എര്‍പെന്‍ബെക്കിന്റെ വരികളില്‍ തുടിച്ചുനില്‍ക്കുന്നത്.
ഇവരുടെ ഗോ, വെന്റ്, ഗോണ്‍ എന്ന നോവല്‍ റിവ്യു ചെയ്തപ്പോള്‍ ജെയിംസ് വുഡ് എന്ന നിരൂപകന്‍ പറഞ്ഞത് ഇവരെത്തേടി നോബല്‍ സമ്മാനം വൈകാതെ എത്തും എന്നാണ്. അത് 2017-ലാണ്. ഇപ്പോഴിതാ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌കാരം അവരെത്തേടിയെത്തിയിരിക്കുന്നു.
പത്തൊമ്പതുകാരിയായ കാതറിനയുടെ കന്മഷമില്ലാത്ത കരളില്‍ ഇടംതേടിയ വയോധികനും എഴുത്തുകാരനുമായ കാമുകന്റെ അഭിനിവേശത്തെ, കിഴക്കന്‍ ജര്‍മനിയുടെ പതനവുമായി ബന്ധപ്പെടുത്തിയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതില്‍ എര്‍പെന്‍ബെക്ക് കാണിച്ച കലാപരമായ മിടുക്കിനെ അംഗീകരിച്ചേ പറ്റൂവെന്നാണ് കെയ്‌റോസ് വായിച്ചവരുടെ പ്രതികരണം. കാതറിനയുടേയും കാമുകന്റേയും മാത്രം കഥയല്ല ഇതെന്നും ജര്‍മനിയുടെ ഇതിഹാസതുല്യമായ രാഷ്ട്രീയചരിത്രഭൂമികയിലേക്കുള്ള ക്ഷണപത്രം കൂടിയാണെന്നും ബുക്കര്‍ പ്രൈസ് നിര്‍ണയസമിതി അഭിപ്രായപ്പെടുന്നു.
പൂര്‍വ ജര്‍മനി അക്ഷരാര്‍ഥത്തില്‍ ചരിത്രത്തില്‍ നിന്നു മായുമ്പോള്‍ നഷ്ടപ്പെട്ടുപോകുന്ന ഒരു സാംസ്‌കാരിക പൈതൃകം, ലോകമഹായുദ്ധത്തിനു ശേഷം പുനര്‍നിര്‍മിക്കപ്പെട്ട സമ്പന്നമായൊരു സംസ്‌കൃതി, എറിക് ഹൊനേക്കറെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ സംഭാവനകള്‍.. ഈ വലിയ പൈതൃകത്തോടൊപ്പം അവിഭക്ത ബെര്‍ലിന്‍ നഗരത്തില്‍ എണ്‍പതുകളിലുണ്ടായിരുന്ന കിഴക്കന്‍ ജര്‍മനിയുടെ ചരിത്രാവശിഷ്ടങ്ങളും ഭൂപടത്തെ സജീവമാക്കിയിരുന്ന അടയാളങ്ങളുമെല്ലാം ഗൃഹാതുരതയോടെയാണ് എര്‍പെന്‍െബക്ക് ആവിഷ്‌കരിച്ചിട്ടുള്ളത്. കാതറിന എന്ന കഥാപാത്രത്തിലൂടെ, പൂര്‍വ ജര്‍മനി പശ്ചിമജര്‍മനിയുമായി ലയിക്കാതിരുന്നെങ്കിലെന്ന ചിന്തയും വിദൂരമായി നോവലിസ്റ്റിനെ വേട്ടയാടുന്നുവോ എന്ന് സംശയിക്കുന്നതായി ന്യൂയോര്‍ക്കര്‍ പത്രത്തിന്റെ ജര്‍മന്‍ ലേഖിക അഭിപ്രായപ്പെടുന്നു. പൂര്‍വ ജര്‍മനി ഉപേക്ഷിച്ചുപോയ സംഗീതം, സാഹിത്യം, നൃത്തം.. ഇവയെല്ലാം ഒരു വേള തിരിച്ചുവന്നെങ്കില്‍ എന്നും ബെര്‍ലിന്‍ മതില്‍ അദൃശ്യമായി ഉയര്‍ന്നുവരികയും കലയുടെ കൈവഴികള്‍ പടിഞ്ഞോറോട്ട് പ്രവഹിക്കാതെയിരിക്കുകയും ചെയ്‌തെങ്കില്‍ തുടങ്ങിയ ഉട്ടോപ്യന്‍ ചിന്തകളും ജെന്നി എര്‍പെന്‍ബെക്ക് എന്ന എഴുത്തുകാരിയെ വേട്ടയാടുന്നുണ്ടാകണം.
ബുക്കര്‍ പ്രൈസിലൂടെ ജെന്നി എര്‍പെന്‍ബെക്കിന്റെ യശസ്സുയരുന്നു, ഒപ്പം പൂര്‍വജര്‍മനി കൈവിടാന്‍ മടിക്കുന്ന, അതിഭാവുകത്വമില്ലാത്ത പ്രതിഭാവിലാസത്തിന്റെ നക്ഷത്രശോഭയും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group