മനാമ- ബഹ്റൈനില്‍ ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാനും പരിശീലനം നല്‍കാനുമുള്ള പദ്ധതിയുമായി ബാപ്‌കോയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിച്ച് ബഹ്‌റൈന്‍ യുവജന മന്ത്രാലയം. ഈ വേനല്‍ക്കാലത്ത് യുവജന മന്ത്രാലയം സംഘടിപ്പിക്കുന്ന മുന്‍നിര പരിശീലന പരിപാടിയായ ‘യൂത്ത് സിറ്റി 2030’-ന് മുഖ്യപ്രായോജകരായുള്ള കരാറില്‍ മന്ത്രാലയവും ബാപ്‌കോ എനര്‍ജിയും ഒപ്പിട്ടു. ബഹ്‌റൈന്‍ യുവജനകാര്യ മന്ത്രി റവാന്‍ ബിന്‍ത് നജീബ് തൗഫീഖിയും ബാപ്കോ എനര്‍ജിസിന്റെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് തോമസും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചതെന്ന് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. യുവജന ശാക്തീകരണത്തിനായുള്ള ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്ന തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി റവാന്‍ ബിന്‍ത് നജീബ് തൗഫീഖി പറഞ്ഞു. ബഹ്റൈന്‍ യുവാക്കളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനും അവരെ ശാക്തീകരിക്കാനുമായി സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള കൂടുതല്‍ പരിപാടികളും സംരഭങ്ങളും മന്ത്രാലയം ആലോചിക്കും. ബാപ്കോ എനര്‍ജിസുമായുള്ള ഈ കരാര്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഊര്‍ജ്ജരംഗത്തെ യുവ പ്രതിഭകളെ കണ്ടെത്താനും അവരുടെ കഴിവുകള്‍ കൂടുതല്‍ പുറത്തെടുക്കാനുമുള്ള നീക്കമാണിതെന്നും മന്ത്രി തൗഫീഖി എടുത്തുപറഞ്ഞു. വ്യത്യസ്ത മേഖലകളില്‍ സ്വദേശീ യുവാക്കള്‍ക്ക് മികവ് പുലര്‍ത്താന്‍ അര്‍ത്ഥവത്തായ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമാണീ പരിശീലനം.
ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നയിക്കുന്ന ബാപ്കോ എനര്‍ജീസ് പ്രാദേശിക യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും വിവിധ വ്യവസായങ്ങളിലെ നേതൃസ്ഥാനങ്ങള്‍ക്കായി അവരെ പരിശീലനം നല്‍കി സജ്ജമാക്കുന്നതിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ബാപ്‌കോ സിഇഒ മാര്‍ക്ക് തോമസ് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ശക്തമായ ഒരു പുതിയ തലമുറയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുക. ബഹ്‌റൈന്‍ യുവാക്കളെ ശാക്തീകരിക്കുന്നതിന് ഏത് തരം പദ്ധതികളിലും സഹകരിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെ യുവതയെ ഊര്‍ജ്ജ മേഖലയിലേക്ക് കൂടുതല്‍ ഉത്സുകരാക്കാനും ഈ മേഖലയിലെ നവീനമായ രീതികള്‍ പരിശീലിപ്പിക്കാനുമുതകുന്ന തരത്തിലാണ് ‘യൂത്ത് സിറ്റി 2030’ (യുവജനങ്ങളുടെ നഗരം-2030) ആസൂത്രണം ചെയ്തിരിക്കുന്നത്.